കാട്ടാക്കട: സ്പീക്കര്‍ പദവിയിലിരുന്നും അഴിമതി നടത്താമെന്ന് ശക്തന്‍ തെളിയിച്ചുവെന്ന് ബിജെപി ദേശീയ സമിതിയംഗം എം.എസ്. കുമാര്‍. കാട്ടാക്കട ബിജെപി മണ്ഡലം തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ രേഖകള്‍ ചമച്ച് ഖജനാവില്‍ നിന്ന് യാത്രാപടി ഇനത്തിലും ചികിത്സാ ആനുകൂല്യമായും ശക്തന്‍ തട്ടിയെടുത്തത് കോടികളാണ്. ഇന്ത്യയില്‍ ഒരു സ്പീക്കര്‍ക്കെതിരെ അഴിമതി ആരോപണം ആദ്യമായാണ്. ഇത് ഗൗരവമായി കാണണം. ശക്തനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു. സോളാര്‍, ബാര്‍കോഴ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ പൊതുഖജനാവില്‍ നിന്ന് ചില്ലിക്കാശ് നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. സ്പീക്കര്‍ പൊതുഖജനാവില്‍ നിന്ന് പണം തട്ടിയതിന് ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും എന്ത് ന്യായം പറയുമെന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പ്പര്യമുണ്ട്. അധികാര സ്ഥാനങ്ങള്‍ അഴിമതിക്കുള്ള ചവിട്ടുപടിയാണെന്ന ഭയാനകമായ സൂചനയാണ് ശക്തന്‍ പൊതുസമൂഹത്തിന് നല്‍കിയിരിക്കുന്നതെന്നും എം.എസ്. കുമാര്‍ ആരോപിച്ചു. ശക്തന്റെയും ഭാര്യയുടെയും ചികിത്സാ ആനുകൂല്യമെന്ന പേരില്‍ പ്രതിമാസം കൈപ്പറ്റിയത് ലക്ഷങ്ങളാണ്. ഇതെല്ലാം അന്വേഷണ വിധേയമാക്കണമെന്നും എം.എസ് കുമാര്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സമിതിയംഗം തകിടി അപ്പുക്കുട്ടന്‍, ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍ നായര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















