പാനൂര്‍: തുടരണമോ ഈ ഭരണം? കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ രണ്ടാംവട്ടവും യുഡിഎഫിനു വേണ്ടി മത്സരരംഗത്തുളള കെപി.മോഹനനെതിരെ ശക്തമായ ജനവികാരമാണ് പ്രദേശത്തുളളത്. മേടച്ചൂടില്‍ വറ്റിവരണ്ട് കുടിവെളളം ലഭിക്കാതെ ജനം ബുദ്ധിമുട്ടുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും ജലവിതരണം സുഗമമായി ലഭിക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. തൃപ്പങ്ങോട്ടൂര്‍ ത്വരിത ഗ്രാമീണ ജലവിതരണ പദ്ധതി ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ചിട്ടു വര്‍ഷങ്ങളായിട്ടും ഇന്നും നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്നു. ശുദ്ധീകരണം പൂര്‍ത്തിയാക്കിയാല്‍ ജലവിതരണം ആരംഭിക്കാമെന്നിരിക്കെയാണ് ഒരു പഞ്ചായത്തിലെ കുടിവെളള പ്രശ്‌നം പ്രഹേളികയായി തുടരുന്നത്. പാനൂര്‍ മേഖലയില്‍ പാലത്തായി, മഞ്ചാംകുന്ന് എന്നിവിടങ്ങളില്‍ പഞ്ചായത്തു കിണര്‍ കുഴിച്ചെങ്കിലും വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. പാനൂര്‍ ടൗണില്‍ ജലവിതരണവകുപ്പിന്റെ വെളളത്തിനായി ടാപ്പു തുറന്നു കാത്തിരിക്കേണ്ട അവസ്ഥയാണ്. വ്യാപാരസ്ഥാപനങ്ങളിലുളളവര്‍ കുടിവെളളം വാഹനങ്ങളില്‍ വിലകൊടുത്തു വാങ്ങിയാണ് ഉപയോഗിക്കുന്നത്. സന്നദ്ധസംഘടനകള്‍ വാഹനങ്ങളില്‍ എത്തിക്കുന്ന വെളളത്തിനായി കുടവുമായി കാത്തിരിക്കുകയാണ് ജനങ്ങള്‍. എലാങ്കോട്, കൂറ്റേരി,വളളങ്ങാട്, മൊകേരി, കൈവേലിക്കല്‍, പുത്തൂര്‍ ഭാഗങ്ങളില്‍ കുടിവെളളത്തിനായി ആളുകള്‍ പരക്കം പായുകയാണ്. സമഗ്രമായ ജലവിതരണനയം നടപ്പാക്കാതെ കടുത്തവേനലില്‍ ജനം ദുരിതമനുഭവിക്കുന്നതില്‍ ആരാണ് ഉത്തരവാദികള്‍? 2011 കൂത്തുപറമ്പ് മണ്ഡലം നിലവില്‍ വരുന്നതിനു മുന്‍പ് പെരിങ്ങളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചതും കെപി.മോഹനന്‍ തന്നെയായിരുന്നു. എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും കൂട്ടുകൂടി വിജയിച്ചു. മന്ത്രിയുമായി. എന്നിട്ടും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കു കുടിക്കാന്‍ കുടിനീരില്ല. കഷ്ടം തന്നെ!
















