ബെയ്‌റൂട്ട്: പ്രവാചകനെ നിന്ദിച്ചുവെന്ന കുറ്റത്തിന് ഏഴുവയസുകാരനെ ഐസിസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ സിറിയയിലെ റാഖ പ്രദേശത്താണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ പ്രവാചകനെക്കുറിച്ച് മോശമായ രീതിയില്‍ കൂട്ടുകാരോട് ഉച്ചത്തില്‍ സംസാരിച്ചതിനാണ് ബാലനെ വധശിക്ഷയ്‌ക്ക് വിധിച്ചത്.
ഭീകരര്‍ കുട്ടിയെ വലിച്ചിഴച്ച് നൂറ് കണക്കിന് ജനങ്ങള്‍ നോക്കി നില്‍ക്കെ പരസ്യമായി വെടിവെച്ച് കൊല്ലുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന് സാക്ഷികളായി കുട്ടിയുടെ മാതാപിതാക്കള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ പരസ്യമായി ആക്ഷേപിക്കുകയും ഇത്തരത്തില്‍ പ്രവാചകനെ നിന്ദിക്കുന്നവര്‍ക്ക് യാതെരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും ഭീകരര്‍ പറഞ്ഞു.
ഇസ്ലാമിക് രീതിയനുസരിച്ച് പ്രവാചകനെ നിന്ദിക്കുന്നത് വലിയ തെറ്റാണ് അതിന് പ്രായ വ്യത്യാസമില്ലെന്നും അതിനാല്‍ ബാലന് വധശിക്ഷ അനിവാര്യമാണെന്നും ഐസിസ് നേതാവ് കൂട്ടിച്ചേര്‍ത്തു. പ്രവാചകനെ അവഹേളിച്ചുവെന്ന കുറ്റത്തിന് ഐസിസിന്റെ ക്രൂരതയ്‌ക്ക് ഇരയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ഏഴ് വയസുള്ള ബാലന്‍.
ഐസിസിന് ഏറ്റവുമധികം സ്വാധീനമുള്ള പ്രദേശമാണ് റാഖ. റാഖ താഴ്‌വരയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സാധാരണ ജനങ്ങളും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇരുനൂറോളം പേരെയാണ് ഐസിസ് വകവരുത്തിയത്.
















