കൊച്ചി: രാജ്യത്ത് പുതുതായി നടപ്പാക്കുന്ന ചരക്ക് സേവന നികുതി(ജി എസ് ടി)യുടെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയവുമായി ചേര്‍ന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി) കൊച്ചിയില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. 29 ന് രാവിലെ 10 മണി മുതല്‍ ടാജ് ഗേറ്റ്വേയില് നടക്കുന്ന ശില്പശാല കേരള ഗവ. ടാക്സസ് വിഭാഗം സ്പെഷ്യല്‍ സെക്രട്ടറി വി. കെ ബേബി ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് ആന്റ് സര്‍വീസ് ടാക്സ് കമ്മീഷണര്‍ രേഷ്മ ലഖാനി മുഖ്യപ്രഭാഷണം നടത്തും.
രാജ്യത്തെ പരോക്ഷ നികുതി മേഖലയെ അടിമുടി പരിഷ്കരിക്കുന്ന ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ് നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കെ ജി എസ് ടിയുടെ ചട്ടക്കൂടിനെക്കുറിച്ച് വാണിജ്യ വ്യവസായ സമൂഹത്തിന് ഉള്‍ക്കാഴ്ച നല്‍കുന്നതിനും അവരെ പുതിയ നികുതി ഘടനയിലേക്കുള്ള മാറ്റത്തിന് സജ്ജരാക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് ഫിക്കി സംസ്ഥാന കൗണ്‍സില്‍ മേധാവി സാവിയോ മാത്യു അറിയിച്ചു.
ജി എസ് ടിയുടെ നടപടിക്രമങ്ങള്‍ക്ക് രൂപം നല്കിയ വിവിധ കമ്മറ്റികളുടെയും സബ്കമ്മറ്റികളുടെയും റിപ്പോര്‍ട്ടുകള്‍ പൊതുചര്‍ച്ചക്ക് വിധേയമാകുന്ന സാഹചര്യത്തിലാണ് ഫിക്കി ചര്‍ച്ചാ സമ്മേളനം സംഘടിപ്പിക്കുന്നത്. ജി എസ് ടിയുടെ നടപടിക്രമങ്ങള്‍, ജി എസ് ടിയുടെ തത്വശാസ്ത്രം, സവിശേഷതകള്‍, ഇന്റഗ്രേറ്റഡ് ജി എസ് ടി, ജി എസ് ടി നടപ്പാക്കുമ്പോള്‍ വാണിജ്യ സമൂഹം അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ശില്പശാലയില് സമഗ്ര ചര്‍ച്ചക്ക് വിധേയമാകും.
ദല്‍ഹി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രവനീത് സിംഗ് ഖുറാന തയ്യാറാക്കിയ ജി എസ് ടിയുടെ ആമുഖവും അവലോകനവും സെമിനാറില്‍ അവതരിപ്പിക്കും.
ചരക്കു സേവന നികുതി വാണിജ്യ വ്യവസായ മേഖലയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കേന്ദ്ര ടാക്സ് ആന്റ് റെഗുലേറ്ററി സര്‍വീസസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സച്ചിന് മേനോനും ജി എസ് ടി ബിസിനസ് പ്രോസസ് ആന്റ് പേമെന്റ്സ് എന്ന ചര്‍ച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ പ്രതാപ് സിംഗും നയിക്കും. വിവരങ്ങള്‍ക്ക് 04844058041 / 4058042 / 9746903555 എന്നീ ഫോണ്‍ നമ്പറുകളിലോ സലരെ@ളശരരശ.രീാ എന്ന ഇ മെയില്‍ വിലാസത്തിലോ 27നകം ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: