കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പുറത്തിറക്കുന്ന, അച്ചടി പൂര്‍ത്തിയാകാത്ത ഗ്രന്ഥം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനുളള നീക്കം വൈസ് ചാന്‍സലര്‍ ഇടപെട്ട് തടഞ്ഞു.
ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര മഹാകാവ്യത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളക്കടലാസുകള്‍ ഡമ്മി പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്യാനുള്ള നീക്കമാണ് പ്രകാശനത്തിന് തൊട്ടുമുന്‍പ് വിസി ഇടപെട്ട് തടഞ്ഞത്. വിസിയെ അറിയിക്കാതെ സര്‍വകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണമുയരുന്നുണ്ട്. ചട്ടമ്പിസ്വാമികളുടെ മഹാസമാധി വാര്‍ഷികത്തിന് അനുബന്ധമായി പ്രൊഫ. എ.വി. ശങ്കരന്‍ രചിച്ച തീര്‍ത്ഥപാദപുരാണം, ചട്ടമ്പി സ്വാമികളുടെ സംസ്‌കൃത ജീവചരിത്രമഹാകാവ്യം പന്മന ആശ്രമത്തില്‍ വച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഞായറാഴ്ച പ്രകാശിപ്പിക്കാന്‍ സംസ്‌കൃത സര്‍വകലാശാല നിശ്ചയിച്ചിരുന്നു. എന്നാല്‍ അച്ചടി പൂര്‍ത്തിയാക്കാത്ത ഗ്രന്ഥമാണ് പ്രകാശനം ചെയ്യുന്നതെന്നും താന്‍ കബളിപ്പിക്കപ്പെട്ടതായും ചടങ്ങിന് മുമ്പ് ബോധ്യപ്പെട്ടതോടെ ഗ്രന്ഥപ്രകാശന ചടങ്ങ് വിസി ഡോ. സിസ തോമസ് ഒഴിവാക്കുകയായിരുന്നു
.
1980ലാണ് പ്രൊഫ. എ.വി. ശങ്കരന്‍ സംസ്‌കൃത ഭാഷയില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ 1998ലാണ് 11 വാല്യങ്ങളുള്ള ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതി പ്രസിദ്ധീകരണത്തിനായി സംസ്‌കൃത സര്‍വകലാശാലക്ക് കൈമാറിയത്. ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ വൈകുന്നത് എ.വി. ശങ്കരന്റെ കുടുംബം സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സര്‍വകലാശാല, പ്രസിദ്ധീകരണ വിഭാഗത്തെ ഗ്രന്ഥത്തിന്റെ പ്രകാശന ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് മുപ്പത് ലക്ഷം രൂപയും സര്‍വകലാശാലയ്‌ക്ക് പ്രത്യേക ഗ്രാന്റായി അനുവദിച്ചിരുന്നു. ഗ്രന്ഥത്തിന് 6600 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. 11 വാല്യങ്ങളും ഒറ്റ കാര്‍ട്ടനില്‍ നിറച്ചാണ് പ്രകാശനത്തിന് വിസിയുടെ ഓഫീസില്‍ എത്തിച്ചത്. പ്രകാശനത്തിന് മുമ്പ് വിസി കാര്‍ട്ടന്‍ തുറന്ന് നോക്കിയപ്പോഴാണ് നാല് വാല്യങ്ങള്‍ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള പ്രിന്റ് ചെയ്യാത്ത വെള്ളക്കടലാസാണെന്ന് കണ്ടത്. ഗ്രന്ഥം പ്രകാശനം ചെയ്യുന്നതില്‍ സര്‍വകലാശാലയ്‌ക്കുണ്ടായ വീഴ്ചയില്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ വിസി ഖേദം രേഖപ്പെടുത്തി. ജീവചരിത്രഗ്രന്ഥം ആഗസ്ത് മാസത്തിനുള്ളില്‍ പ്രകാശനം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും വിസി ഉറപ്പുനല്‍കി.
പ്രൊഫ. ശങ്കരന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഗ്രന്ഥത്തിന്റെ പ്രതി വാങ്ങുവാന്‍ പന്മന ആശ്രമത്തിലെത്തിയിരുന്നു. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനുള്ള ക്ഷണക്കത്തില്‍ ഗ്രന്ഥപ്രകാശനം ഉള്‍പ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പടെ സര്‍വകലാശാല സമൂഹത്തെ വ്യാജ പുസ്തക പ്രകാശനം നടത്തി കബളിപ്പിക്കാനും, സര്‍വകലാശാലയെ അപകീര്‍ത്തിപെടുത്തുവാനും ഇടയായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
















