ഹെബ്രോണ്‍: ഇസ്രയേലില്‍ രണ്ടരമാസം തടവനുഭവിച്ച പെണ്‍കുട്ടിയെ മോചിപ്പിച്ചു. അല്വാമി കുടുംബത്തില്‍പ്പെട്ട അല്‍-വാവി എന്ന 12 വയസുകാരിയെയാണ് മോചിപ്പിച്ചത്. ജബ്ര സൈനിക അതിര്‍ത്തിക്കു സമീപമാണ് അല്‍-വാവിയെ മോചിപ്പിച്ചെത്തിച്ചതെന്നാണ് വിവരം.
ജയിലില്‍ നിന്നു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തുല്‍കരീം ചെക്ക് പോയിന്റിന് സമീപത്ത് കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിയിരുന്നു. ജന്മനാടായ ഹാല്ഹൂലിന് സമീപത്തെ കര്മേയ് സൂറില്‍ അനധികൃതമായി താമസിച്ചെന്നു കാട്ടിയാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി കയ്യില്‍ കത്തി സൂക്ഷിച്ചുവെന്ന കുറ്റവും ചുമത്തിയിരുന്നു.
ഫെബ്രുവരി ഒന്‍പതിനാണ് സ്കൂള്‍ വിട്ടു വീട്ടിലേക്കു വരുന്ന വഴിക്ക് സൈന്യം അല്‍-വാവിയെ പരിശോധിക്കുകയും ബാഗിനുള്ളില്‍ നിന്ന് കത്തി കണ്ടെടുത്തെന്നാരോപിച്ച് നാലുമാസം തടവ് വിധിക്കുകയും ചെയ്തത്. ഇതിനു പുറമേ 2,000യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു.
ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ആദ്യ കുട്ടിയാണ് ജയിലിലടക്കപ്പെട്ട പെണ്‍കുട്ടി. കാല്‍നൂറ്റാണ്ടു കാലമായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന പിതാവ് ഇസ്മായീല്‍ അല്‍ വാവിയുടെ പെര്‍മിറ്റ് പെണ്‍കുട്ടി അറസ്റ്റിലായതോടെ റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവരുടെയും കുട്ടികളുടെയും അറസ്റ്റിനെ നിയമാനുസൃതമാക്കിയിരിക്കുന്ന ഏക രാജ്യമാണ് ഇസ്രയേലെന്ന് പലസ്തീനിലെ മനുഷ്യാവകാശ സംഘടനകളും മറ്റും കുറ്റപ്പെടുത്തി. ഏഴായിരത്തിലധികം ഫലസ്തീനികളാണ് ഇപ്പോള്‍ ഇസ്രായേല്‍ ജയിലിലുള്ളത്. ഇതില്‍ 70 പേര് സ്ത്രീകളും 750 പേര് വിവിധ ഉദ്യോഗസ്ഥരും 700 രോഗികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: