ന്യൂദല്‍ഹി: രാജ്യത്തെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമായി മഴവെള്ള സംഭരണം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രധാനമന്ത്രിയുടെ മന് കീ ബാത്ത് പ്രഭാഷണം. മഴവെള്ള സംഭരണത്തിനായി പ്രചാരണം ആരംഭിക്കണമെന്നും 19-ാമത് മന് കീ ബാത്തില്‍ മോദി പറഞ്ഞു.
മികച്ച മണ്‍സൂണാണ് വരുന്നതെന്നാണ് സൂചന. എന്നാല്‍ അതു വെല്ലുവിളികളും നല്കുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം പരമാവധി ഉയര്‍ത്തേണ്ടതുമുണ്ട്. കൂടുതല്‍ വെള്ളം ആവശ്യമില്ലാത്ത തരത്തില്‍ ഭക്ഷ്യോല്‍പ്പാദന രീതി മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ ഹിവരെ ബാസാര്‍ ഗ്രാമത്തിലെ ഗ്രാമീണര്‍ നടപ്പാക്കിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൈയേറ്റത്തെ തുടര്‍ന്നും എക്കലടിഞ്ഞും നീരൊഴുക്ക് നടസ്സപ്പെട്ടതോടെ ജലാശയങ്ങള്‍ ശോഷിച്ചുവരികയാണ്. ഇതു തിരിച്ചറിഞ്ഞ് ചില ഗ്രാമങ്ങള്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നിര്‍വഹിക്കുന്നുണ്ട്. വിളകളുടെ നടീല്‍ സമയം പുനക്രമീകരിച്ച അഹമ്മദ്നഗര്‍ ഗ്രാമത്തിന്റെ ഉദാഹരണം മികച്ചതാണ്. വാഴകൃഷി, കരിമ്പുകൃഷി തുടങ്ങി ഏറ്റവുമധികം ജലം ആവശ്യമായ കൃഷികള്‍ അവര്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച് മറ്റു കൃഷി നടപ്പാക്കിയതോടെ ജലദൗര്‍ലഭ്യ പ്രശ്നം പരിഹരിക്കപ്പെട്ടു. സ്പ്രിങ്കഌ, ഡ്രിപ്പ് ഇറിഗേഷന്‍, ജല പുനരുപയോഗം തുടങ്ങിയയും അവര്‍ നടപ്പാക്കി.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഗോര്‍വ ഗ്രാമത്തില്‍ പൊതുകുളങ്ങളുടെ നിര്‍മ്മാണത്തിലൂടെയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഗ്രാമത്തില്‍ വിവിധ ഇടങ്ങളിലായി കൃഷിക്കുള്ള 27 കുളങ്ങളാണവര് നിര്‍മ്മിച്ചത്. ഇതുവഴി ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താന്‍ സാധിച്ചു. കൃഷിഉല്പ്പാദത്തില് 20 ശതമാനം വര്‍ദ്ധനവ് വരുത്താനും ഗ്രാമീണര്‍ക്ക് സാധിച്ചു.
ഗംഗാനദി എന്നത് നമ്മുടെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഗംഗാശുചീകരണ പദ്ധതിക്കായി എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ഗംഗാനദിയുടെ ശുചീകരണ ചുമതല നമുക്കോരോരുത്തര്ക്കുമാണെന്ന ചുമതലാബോധം എല്ലാവരിലുമുണ്ടാകണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിക്കുന്ന ചൂടുകാറ്റ് ജലസംരക്ഷണത്തിന്റെ ബോധ്യം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ ദിവസവും നല്ല വാര്‍ത്തകള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യണമെന്ന രവി എന്നയാളുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി പ്രഭാഷണത്തില്‍ മുന്നോട്ടുവെച്ചു. സീ ന്യൂസ് ചാനല്‍ നല്ലവാര്‍ത്തകള്‍ എന്ന ബുള്ളറ്റിന് സംപ്രേഷണം ചെയ്യുന്നതും മോദി ചൂണ്ടിക്കാട്ടി. പാചകവാതക സബ്സിഡി ഒഴിവാക്കി നിരവധി പേര് നല്കിയ ത്യാഗം സമൂഹത്തില്‍ ആവശ്യമുള്ളവര്‍ക്ക് നല്കുന്ന ഉദാഹരണവും മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: