ന്യൂദല്‍ഹി: ഭാരതം എന്നത് ദല്‍ഹിയിലല്ല, മറിച്ച് ഗ്രാമങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യം ലഭിച്ച് ഇത്രവര്‍ഷം കഴിഞ്ഞിട്ടും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം വലുതായി തുടരുകയാണെന്നും മോദി പറഞ്ഞു. ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നടന്ന പഞ്ചായത്തീരാജ് സമ്മേളന അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം എന്ന മഹാത്മാഗാന്ധിജിയുടെ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ ഇനിയും സാധിക്കുന്നില്ലെന്ന് മോദി പറഞ്ഞു. പഞ്ചായത്തുകളിലെ വനിതാ അംഗങ്ങള്‍ ഗ്രാമങ്ങളില്‍ മതിയായ ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. തന്റെ ഭരണകാലത്ത് ഗ്രാമങ്ങളുടെ പരിഷ്ക്കരണത്തിന് എന്തെങ്കിലും ഒരു നടപടി ചെയ്യണമെന്ന് എല്ലാവരും തീരുമാനിക്കണമെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,000 പഞ്ചായത്തുകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം രാജ്യത്തെ എല്ലാ ഗ്രാമസഭകളിലും തല്‍സമയം പ്രദര്‍ശിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ സമ്മേളിച്ചു.
1993 ഏപ്രില്‍ 24ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പഞ്ചായത്തീരാജ് നിയമം നിലവില്‍വന്നത്. 2010 മുതല്‍ ഈ ദിവസം നാഷണല്‍ പഞ്ചായത്തീരാജ് ദിവസമായി ആഘോഷിച്ചുവരികയാണ്. ഇതുവരെ ദല്‍ഹിയിലായിരുന്നു ആഘോഷിച്ചിരുന്നതെങ്കില്‍ ഇത്തവണ ഏപ്രില്‍ 21 മുതല്‍ 24 വരെ ദേശീയതലത്തില്‍ ഗ്രാമസഭകള്‍ നടക്കുന്ന സാഹചര്യത്തില്‍, ഗ്രാമോദയ് സെ ഭാരത് ഉദയ് അഭിയാന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും പഞ്ചായത്തീ രാജ് ദിവസം ആഘോഷിച്ചു.
കൂടുതല്‍ അധികാരങ്ങള്‍ പഞ്ചായത്തുകള്‍ക്ക് വിട്ടുനല്‍കിയ സ്ഥാനങ്ങളായ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം, ഒറീസ എന്നിവയ്ക്കു ക്യുമുലേറ്റീവ് ഡെവല്യൂഷന്‍ ഇന്‍ഡെക്സ് അവാര്‍ഡുകള്‍ ലഭിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അധികാരങ്ങള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറിയ ആന്ധ്രാപ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇന്ക്രിമെന്റല് ഡെവല്യൂഷന്‍ ഇന്‍ഡെക്സ് അവാര്‍ഡുകള്‍, നിയമങ്ങള്‍ ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്റ്റ് 1996ലെ പഞ്ചായത്ത്് എക്സ്ടെന്‍ഷന്‍ അനുകൂലമാക്കിത്തീര്ക്കുന്നതില് ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. ഈ അവാര്‍ഡുകള്‍ ആദ്യമായി ലഭിച്ചത്.
ഏറ്റവും നല്ല പ്രകടനം നടത്തുന്ന പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും പഞ്ചായത്ത് സശക്തികരണ്‍ പുരസ്കാരവും രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാരവും കേന്ദ്രമന്ത്ര ചൗധരി വീരേന്ദ്ര സിങ് വിതരണം ചെയ്തു. 21 ജില്ലാ പഞ്ചായത്തുകളും 39 ബ്ലോക്ക് പഞ്ചായത്തുകളും 123 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടെ 183 പഞ്ചായത്തുകള്‍ക്ക് അംഗീകാരം ലഭിച്ചു.
ജെ.ആര്.ഡി.ടാറ്റ സ്പോര്‍ട്സ് കോംപഌക്സില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പുമന്ത്രി ചൗധരി വീരേന്ദ്രസിങ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവര് ദാസ്, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: