കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി നാലാഴ്ചയേ ഉള്ളൂ. മെയ് 16 ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം 19 ന് അറിയാന്‍ കഴിയും. തുടര്‍ന്ന് ഭൂരിപക്ഷം ലഭിക്കുന്നവര്‍ അധികാരമേല്‍ക്കും. ഐക്യകേരളം രൂപംകൊണ്ട് അറുപതാം വര്‍ഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പ് പതിവിന് വിപരീതമായ ഫലങ്ങള്‍ ഉളവാക്കുമെന്നാണ് നിരീക്ഷകരെല്ലാം കണക്കാക്കുന്നത്.
ആദ്യ തെരഞ്ഞെടുപ്പില്‍ ഒന്നാം കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രന്മാരെ കൂട്ടിയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. രണ്ടുവര്‍ഷം ആയുസ്സുമാത്രമാണ് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്ന ആ സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. അഴിമതിയും അക്രമവും മൂലം ജനങ്ങള്‍ വെറുത്ത നമ്പൂതിരിപ്പാട് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയായിരുന്നു. പിന്നീടാണ് കേരളത്തില്‍ മുന്നണി രാഷ്‌ട്രീയം അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പിഎസ്പിയും ചേര്‍ന്നുണ്ടാക്കിയ മുന്നണിക്ക് നിയമസഭയില്‍ ഭൂരിപക്ഷം ലഭിച്ചു. ഒന്നാം കക്ഷിയായ കോണ്‍ഗ്രസ് രണ്ടാം കക്ഷിയായ പിഎസ്പിയുടെ നേതാവായ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി പിന്തുണ നല്‍കി. പട്ടം താണുപിള്ളയ്‌ക്കും കാലാവധി തികയ്‌ക്കാന്‍ കഴിഞ്ഞില്ല.
കോണ്‍ഗ്രസ് ഭരണത്തെ നയിക്കണമെന്ന ആവശ്യം ശക്തമായി. പട്ടം താണുപിള്ളയെ ഗവര്‍ണറാക്കി നാടുകടത്തിയാണ് ആര്‍. ശങ്കറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിച്ചത്. ആര്‍. ശങ്കറിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ‘നട്ടെല്ലുവളയാത്ത’ മുഖ്യമന്ത്രിയായിരുന്നു ആര്‍. ശങ്കര്‍. അതുകൊണ്ടുതന്നെയാവണം കോണ്‍ഗ്രസിലെ ക്രൈസ്തവ മേധാവിത്വം ആര്‍. ശങ്കറിനെതിരെ തിരിയുകയും ചെയ്തത്.
ആര്‍. ശങ്കര്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം 1965 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൂക്കുസഭയാണ് വന്നതാണ്. നിയമസഭ വിളിച്ചുകൂട്ടുകപോലും ചെയ്തില്ല. ഗവര്‍ണര്‍ ഭരണത്തിലായ കേരളത്തില്‍ പിന്നീട് 1967ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനുമുന്‍പ് കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎമ്മും രൂപംകൊണ്ടു. സിപിഎം സപ്തകക്ഷി മുന്നണിയുണ്ടാക്കിയാണ് മത്സരിച്ചത്. ഈ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. ആദ്യ സര്‍ക്കാരിനെപോലെ തന്നെ ഘടകകക്ഷികള്‍ തമ്മില്‍ ഇടയുകയും അഴിമതി ആരോപണങ്ങള്‍ വ്യാപകമാവുകയും ചെയ്ത ആ മന്ത്രിസഭയും കാലാവധി തികയാതെ നിലംപൊത്തി. തുടര്‍ന്ന് നടന്ന മന്ത്രിസഭയെ നയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐയുടെ സി. അച്യുതമേനോനാണ്. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തിരാവസ്ഥയിലുടനീളം അതിനെ പിന്തുണച്ച പാര്‍ട്ടിയായ സിപിഐ, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം അസ്തമിച്ച് പുതിയ രാഷ്‌ട്രീയ കാലാവസ്ഥ വന്നപ്പോള്‍മാത്രമാണ് നിലപാട് തിരുത്തിയത്. അടിയന്തിരാവസ്ഥ അവസാനിച്ച 1977 ലെ തെരഞ്ഞെടുപ്പില്‍ ഭാരതമാകെ കോണ്‍ഗ്രസിനെ ചവറ്റുകുട്ടയില്‍ തള്ളിയപ്പോള്‍ കേരളം കോണ്‍ഗ്രസിനൊപ്പം നിന്നു. ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയുമായി. അടിയന്തിരാവസ്ഥയില്‍ നടത്തിയ ക്രൂരമായ മര്‍ദ്ദനമുറകള്‍ കോടതിയിലെത്തിയപ്പോള്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ.കരുണാകരന് സ്ഥാനമൊഴിയേണ്ടിവന്നു.
അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും മുഖ്യമന്ത്രിയാകുന്നതിന്റെ ഇടവേളയില്‍ എ.കെ. ആന്റണിയും പി.കെ. വാസുദേവന്‍ നായരും സി.എച്ച്. മുഹമ്മദ് കോയയുമെല്ലാം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരാണ്. കരുണാകരന് ശേഷം വീണ്ടും എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം മുഖ്യമന്ത്രിമാരായി. എന്നാല്‍ ആര്‍.ശങ്കറിനെപ്പോലുള്ള നട്ടെല്ലുവളയാത്ത ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയേയും കേരളം കണ്ടിട്ടില്ല. 60 വര്‍ഷത്തെ കേരള ചരിത്രത്തിനിടയില്‍ ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നത് കമ്യൂണിസ്റ്റുകാരാണ്.
അച്യുതമേനോനുശേഷം ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിമാരായി. എന്നിട്ടും കോണ്‍ഗ്രസ് നയങ്ങള്‍ക്കും പരിപാടികള്‍ക്കും ബദലായി ഒരുഭരണം കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും സാധിച്ചിട്ടില്ല. എന്നിട്ടാണിപ്പോള്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മാറ്റത്തിനായി വോട്ടുചോദിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുമ്പോഴും സദാചാരബോധം നഷ്ടപ്പെടാന്‍ പാടില്ല. കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ കേരളം ഇവര്‍ക്ക് താവഴിയായി കിട്ടിയ സ്വത്താണെന്നേ തോന്നൂ. ഭാരതം ഭരിക്കാന്‍ അര്‍ഹത കോണ്‍ഗ്രസിന് മാത്രമെന്ന ചിന്ത ഒരു കാലത്ത് കോണ്‍ഗ്രസുകാരെ നയിച്ചിരുന്നു. ഇന്നത് മാറി.
വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ ഭരിക്കുന്നു. ബിജെപി നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തിരുന്ന് രാജ്യത്തിനാകെ അഭിവൃദ്ധിയും അഭിമാനവും സൃഷ്ടിക്കുന്ന നടപടികള്‍ തുടരുന്നു. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കക്ഷിയും ബിജെപിയാണ്. ആ ബിജെപിയെ കേരള നിയമസഭയിലേക്ക് ജയിക്കാന്‍ വിടില്ലെന്നാണ് കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവും അവരുടെ എത്തിക്‌സ് കമ്മിറ്റിയുടെ തലവനും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന എ.കെ. ആന്റണി അടിക്കടി പ്രസ്താവിക്കുന്നത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അതാവര്‍ത്തിക്കുന്നു. കമ്യൂണിസ്റ്റു നേതാക്കളാകട്ടെ വര്‍ഗീയ ഫാസിസ്റ്റ് കക്ഷിയായ ബിജെപി ജയിക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നാണ് ആണയിടുന്നത്. അതിനര്‍ത്ഥം കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അണിയറയിലിരുന്ന് തീരുമാനമെടുത്തിരിക്കുന്നു.
ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് കൈമാറ്റം നടത്തുമെന്ന് തന്നെയാണ്. പശ്ചിമബംഗാളില്‍ ഒറ്റച്ചരടിലാണ് അവരെ കോര്‍ത്തിരിക്കുന്നത്. ആ അവിഹിതബാന്ധവം ഇവിടെ പരസ്യമല്ലെന്നേയുള്ളൂ. ഈ മര്യാദയില്ലായ്‌മ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വോട്ടര്‍മാര്‍ അത് നേരിടുകതന്നെ ചെയ്യുമെന്നാശിക്കാം.
















