പാനൂര്‍: ചെങ്കോട്ടകളില്‍ ദേശീയതയുടെ സന്ദേശമുയര്‍ത്തി കൂത്തുപറമ്പില്‍ മഹാസമ്പര്‍ക്കം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍ക്കായി കൂത്തുപറമ്പ് നഗരസഭയില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി ലഘുലേഖകളുമായി സമ്പര്‍ക്കം നടത്തിയത്. സിപിഎമ്മിനു വേണ്ടിയല്ലാതെ മറ്റു രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കായി ആരുംതന്നെ കയറാത്ത രാവണന്‍കോട്ടകളില്‍ സ്വയംസേവകര്‍ കയറുകയായിരുന്നു. സ്ത്രീകളടക്കമുളളവര്‍ അതിതീക്ഷ്ണമായ ചൂടിനെ വകവെക്കാതെ ജനാധിപത്യം പുലരണമെന്ന ശാഠ്യത്തോടെ സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി. കുനിയില്‍പീടിക, പാലത്തുംകര, പഴയനിരത്ത്, പൂക്കോട്, അടിയറപ്പാറ, കുറ്റിക്കാട്, പുറക്കളം, നരവൂര്‍ ഭാഗങ്ങളില്‍ ഇന്നലെ സമ്പര്‍ക്കം നടന്നു. രാവിലെ തൊക്കിലങ്ങാടിയില്‍ നിന്നും 10സ്‌ക്വാഡുകളായി വിഭജിച്ച് പ്രവര്‍ത്തകര്‍ വീടുകളിലേക്ക്് നീങ്ങുകയായിരുന്നു. ഭീഷണിയുടെ അതിര്‍വരമ്പുകള്‍ കെട്ടിത്തളച്ച, ജന്മിത്വത്തിന്റെ തിരുശേഷിപ്പുകള്‍ അവശേഷിക്കുന്ന പ്രദേശങ്ങളിലേക്ക് സ്വയംസേവകര്‍ കയറിയിറങ്ങി .ഓരോ വീടുകളില്‍ നിന്നും പ്രവര്‍ത്തകരെ ഹൃദ്യമായി സ്വീകരിച്ചു. ഒരു മാറ്റത്തിന് വോട്ടു നല്‍കണമെന്ന അഭ്യര്‍ത്ഥനയില്‍ പെട്ടെന്ന് മറുപടി നല്‍കാനാകാതെ പലരുടെയും കണ്ണുകള്‍ ഭയചകിതമായിരുന്നു. മാറ്റം വേണമെന്ന് പറയുന്നവര്‍ ആരെയൊക്കൊയോ ഭയക്കുന്നുണ്ടായിരുന്നുവെന്ന് സമ്പര്‍ക്കത്തില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി. പഴയനിരത്തില്‍ വെച്ച് ഒരുസംഘമാളുകള്‍ സ്‌ക്വാഡിലുളളവരെ വീഡിയോ പകര്‍ത്തിയും ഫോട്ടോയെടുത്തും വിരട്ടി. സിപിഎം ക്രിമിനല്‍ നേതാവ് മനോരാജ് എന്ന നാരായണന്റെ നേതൃത്വത്തിലായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിയുമായി രംഗത്തെത്തിയത്. രാഷ്‌ട്രീയ അസഹിഷ്ണുതയുടെ കോട്ടകൊത്തളങ്ങളില്‍ ദേശീയതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതില്‍ വിറളി പിടിച്ചവര്‍ ആശങ്കയോടെ നില്‍ക്കുന്നതും കാണാമായിരുന്നു. കെ.സി.വിഷ്ണു, എ.പി.പുരുഷു, കെ.പ്രകാശന്‍, സി.കെ.സുരേഷ്ബാബു, അനില്‍കുമാര്‍, ഷിജു എളക്കുഴി, പ്രജിത്ത് എളക്കുഴി, കെ.കെ.ധനഞ്ജയന്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.
















