കണ്ണൂര്‍: ജില്ലാഭരണകൂടം നടപ്പിലാക്കുന്ന വാത്സല്യം പദ്ധതി പുതിയ രീതിയില്‍ തുടരാന്‍ തീരുമാനം. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. കുട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം, സൈബര്‍ക്രൈം എന്നിവയ്‌ക്കെതിരെയുളള ബോധവത്ക്കരണ പരിപാടികള്‍, പീഡനത്തിന് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കപ്പെടുന്ന കുട്ടികള്‍ക്കുമായുളള പ്രത്യേക സഹായ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായുളള പരിപാടികള്‍ തുടങ്ങിയവ ആവിഷ്‌ക്കരിക്കും. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണപരിപാടികള്‍, ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം, ഓഡിയോ വീഡിയോ പ്രചാരണ സംവിധാനങ്ങള്‍ എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂരിനെ ശിശുസൗഹൃദ ജില്ലയാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കുട്ടികള്‍ക്കായി ജില്ലാതല റിസോഴ്‌സ് സെന്റര്‍ ഒആര്‍സി പദ്ധതിയുമായി ഏകോപിച്ച് പ്രവര്‍ത്തനമാരംഭിക്കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വിവിധ വകുപ്പ് മേധാവികള്‍, സിഡബ്ല്യുസി, ജെജെബി, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















