കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ്സ് വിമതപ്രശ്‌നം പരിഹരിക്കാനുള്ള അവസാന ശ്രമവും വിജയിച്ചില്ല. പ്രശ്‌ന പരിഹാരത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടെത്തി വിമത നേതാവ് പി.കെ.രാഗേഷുമായും കെ.സുധാകരനുമായും ചര്‍ച്ച നടത്തിയിരുന്നു. കെ.സുധാകരന്‍ വിഭാഗവും പി.കെ.രാഗേഷ് വിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാതെ കര്‍ശന നിലപാടെടുത്തതോടെയാണ് സമവായ ചര്‍ച്ച തന്നെ വഴിമുട്ടിയത്. കോണ്‍ഗ്രസ്സ് ചിറക്കല്‍ ബ്ലോക്ക് കമ്മറ്റിയും പള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയും പുന:സംഘടിപ്പിക്കുക, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കുക എന്നിവയാണ് വിമതന്‍മാര്‍ ഉന്നയിക്കുന്ന ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് രാഗേഷ് വിഭാഗത്തിന്റെ തീരുമാനം. രാഗേഷിന്റെ വിമത ഭീഷണിയില്‍ ഭയന്നാണ് കെ.സുധാകരന്‍ കണ്ണൂര്‍ ജില്ല വിട്ട് കാസര്‍കോഡ് ജില്ലയിലെ ഉദുമയിലേക്ക് മാറിയത്. പി.കെ.രാഗേഷിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്കില്‍ നിന്ന് പുറത്താക്കിയ നാലുപേരെ തിരിച്ചെടുക്കണമെന്നാണ് സുധാകര പക്ഷം ആവശ്യപ്പെടുന്നത്. ബാങ്ക് പ്രസിഡണ്ട് പ്രദീപ് കുമാറിനെ കയ്യേറ്റം ചെയ്തതിനാണ് ഇവരെ ബാങ്കില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ രണ്ട് പേരെ മാത്രം തിരിച്ചെടുക്കാമെന്ന് രാഗേഷ് വിഭാഗം സമ്മതിച്ചിരുന്നു. എന്നാല്‍ നാലുപേരെയും തിരിച്ചെടുത്താല്‍ മാത്രമേ സമവായമുള്ളു എന്നതാണ് സുധാകര പക്ഷത്തിന്റെ നിലപാട്. ഇരുവിഭാഗവും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ സമവായം സാധ്യമല്ലെന്ന നിലപാടാണ് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിനുള്ളത്. കഴിഞ്ഞയാഴ്ചത്തെ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രിയും പിന്നീട് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തില്‍ വിമതപക്ഷം പ്രത്യേക സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന.
















