ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ ഭീകരവാദകോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2007ല്‍ ജഡ്ജിമാരെ തടവില്‍വെച്ച കേസിലാണ് വാറണ്ട്. വിദേശയാത്രക്കുള്ള വിലക്ക് നീക്കിയ സാഹചര്യത്തില്‍, 72കാരനായ മുഷറഫ് ചികിത്സക്കായി ദുബായിലേക്ക് പോയിരുന്നു. കോടതിയില്‍ ഹാജരാകാതെയാണ് വിദേശത്തേക്ക് പോയത്. കൂടാതെ കോടതിയുടെ അനുവാദമില്ലാതെ വിദേശയാത്ര നടത്തിയതിലും കോടതി നീരസം അറിയിച്ചു.
പ്രതിഭാഗം വാദം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു. നിരവധി തവണ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷാപ്രശ്‌നങ്ങളും പറഞ്ഞ് ഒരിക്കല്‍ പോലും മുഷാറഫ് ഹാജരായിരുന്നില്ല. സൈനിക അട്ടിമറിയിലൂടെ പാക്കിസ്ഥാനില്‍ 1999 മുതല്‍ 2008 വരെ മുഷറഫ് അധികാരം കൈയ്യാളിയിരുന്നു.
2007ല്‍ തനിക്കെതിരെയുള്ള കേസ് വാദത്തിനെടുത്ത ജഡ്ജിമാരെ നിയമവിരുദ്ധമായി തടവിലാക്കിയതിനെതിരെയാണ് കേസ്. കൂടാതെ, 2007ലെ ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട കേസിലും മുഷറഫ് പ്രതിയാണ്.
















