കണ്ണൂര്‍: കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനത്തെ അനുകൂലിക്കാത്തവര്‍ക്ക് വോട്ടുചെയ്യരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. കണ്ണൂര്‍ നഗരത്തില്‍ താളിക്കാവ് ക്ഷേത്ര പരിസരത്തായി മദ്യവില്‍പന ശാല തുറക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്‍തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്യശാലക്കെതിരെ ശക്തമായ പ്രതിരോധ സമരം നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ സമിതി ജില്ലാ പ്രസിഡണ്ട് എം.മുകുന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രാജന്‍ കോരമ്പേത്ത്, സംസ്ഥാന സെക്രട്ടറി അഡ്വ.അഹമ്മദ് മാണിയൂര്‍, ജില്ലാ സെക്രട്ടറി എ.രഘുമാസ്റ്റര്‍, സി.കാര്‍ത്തിയായനി ടീച്ചര്‍, ടി.ചന്ദ്രന്‍, അരിപ്പ സുരേഷ്, പി.സി.അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
















