മരട്: അപ്രതീക്ഷിതമായി വീടിനുള്ളില്‍ പറന്നെത്തിയ വിഐപിയെ കണ്ട് വീട്ടുകാര്‍ അമ്പരന്നു. തുടര്‍ന്ന് പുലിവാലാകേണ്ടെന്ന് കരുതി നാട്ടുകാരുടേയും ഡിവിഷന്‍ കൗണ്‍സിലറുടേയും സാന്നിധ്യത്തില്‍ പനങ്ങാട് പോലീസിനു കൈമാറി. ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ളിമൂങ്ങയാണ് പറന്നെത്തിയ വിഐപി. നെട്ടൂര്‍ കൈതവേലിക്കകത്ത് അനില്‍ലാലിന്റെ വീടിനുള്ളിലാണ് ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് വെള്ളിമൂങ്ങ പറന്നെത്തിയത്.
ചുട്ടുപൊള്ളുന്ന വേനലില്‍ നിന്നും അല്പശമനത്തിനുവേണ്ടി നാട്ടിലിറങ്ങിയ വെള്ളിമൂങ്ങയെ കാക്കകള്‍ ആക്രമിക്കുകയായിരുന്നു. കാക്കകളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടിയാണ് വീടിനുള്ളില്‍ കയറിപ്പറ്റിയത്. വെള്ളിമൂങ്ങയെത്തിയതറിഞ്ഞ് നാട്ടുകാരുടെ പ്രവാഹമായിരുന്നു. ചിലര്‍ ലക്ഷങ്ങള്‍ വിലപറഞ്ഞ് വീട്ടുടമയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ വെളളിമൂങ്ങയെ കൈവശം വെച്ച് പുലിവാലു പിടിക്കേണ്ടെന്നു കരുതി പോലീസിനു കൈമാറുകയായിരുന്നു.
















