കണ്ണൂര്‍: പൊടിക്കുണ്ടില്‍ അനധികൃതമായി വീടിനുളളില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരം പൊട്ടിത്തെറിച്ച് നാശനഷ്ടം ഉണ്ടായ സംഭവത്തില്‍ ആശ്വാസ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം. സംഭവത്തിനു ശേഷം ജോലിക്കാന്‍ പോകാന്‍ പറ്റാത്ത കുടുംബങ്ങള്‍ക്കു പോലും പത്ത് ദിവസം പിന്നിട്ടിട്ടും ഒരു വിധത്തിലുളള സഹായവും ഇതുവരെയായിട്ടും നല്‍കിയിട്ടില്ല. വിഷുവിന് മുമ്പ് ആശ്വാസ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. സ്‌ഫോടനം സംബന്ധിച്ച് ദുരൂഹത നീക്കണമെന്നും കേസ്സന്വേഷണം നിസ്സാരവല്‍ക്കരിക്കാനുളള ശ്രമത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം ധൃതഗതിയിലാക്കി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്നും കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. നഷ്ടം സംബന്ധിച്ച് പുനര്‍ നിര്‍ണ്ണയം നടത്താന്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കുമെന്നും നഷ്ടം സംഭവിച്ച പ്രദേശവാസികള്‍ 9497433128, 9895030965 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ടി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ കൊയിലി സ്വാഗതം പറഞ്ഞു.
















