തലശ്ശേരി: സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തില്‍ പ്രതിയായ എസ്ഡിപിഐക്കാരനെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വീടിന്റെ കോമ്പൗണ്ടില്‍ തടഞ്ഞുനിര്‍ത്തുകയും അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തലശ്ശേരി ചാലിലെ എസ്ഡിപിഐ പ്രവര്‍ത്തകനായ മാടമില്ലത്ത് റഹീമിനെ പിടികൂടാന്‍ അഡീഷണല്‍ എസ്‌ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘം ചാലില്‍ എത്തിയത്. എന്നാല്‍ റഹീമിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് സംഘത്തെ വീടിന്റെ കോമ്പൗണ്ടില്‍ തടഞ്ഞുവെക്കുകയും പ്രതി റഹീമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. തടങ്കലിലായ പോലീസ് സംഘത്തെ സിഐ മനോജിന്റെ നേതൃത്വത്തില്‍ എത്തിയ സായുധ സംഘമാണ് മോചിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് റഹീമിന്റെ സഹോദരങ്ങളായ സിറാജ് (38), ജലീല്‍ (32), റഹ്മാന്‍ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് കൊണ്ടുപോകുന്നത് തടയാനും ശ്രമമുണ്ടായി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇവരെ കൊണ്ടുപോയത്. പ്രതികളുടെ പേരില്‍ പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസ്സെടുത്തു.
















