കൊച്ചി: അവധിക്കാലം ആരംഭിക്കുന്നതോടെ അടഞ്ഞുകിടക്കുന്ന വീടുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് മോഷണങ്ങളും മറ്റും ഉണ്ടാകാതെയിരിക്കാന്‍ മുന്‍ കരുതലുമായി കൊച്ചി സിറ്റി പോലീസ്. ആള്‍ താമസം ഇല്ലാതെ വരുന്ന വീടുകള്‍ കണ്ടെത്തി പോലീസ് പട്രോളിങ് ഊര്‍ജിതപ്പെടുത്താനും മോഷണക്കേസുകളിലും മറ്റും പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളവരെയെല്ലാം നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വീട് അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ പരിസരത്ത് ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കണം. യാത്രകള്‍ക്കു വേണ്ടിയോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടിയോ നഗരത്തിലെ വീടുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമ്പോഴോ വീട്ടില്‍ മുതിര്‍ന്ന അംഗങ്ങളെ തനിച്ചാക്കി പോകേണ്ടുന്ന സാഹചര്യങ്ങളിലെ അയല്‍വാസികളെയോ ബന്ധപ്പെട്ടവരെയോ അറിയിച്ച് വീടും പരിസരവുമെല്ലാം അവര്‍ ശ്രദ്ധിക്കുന്ന സാഹചര്യമുണ്ടാക്കണം. വീട് അടഞ്ഞുകിടക്കുന്ന സാഹചര്യങ്ങളില്‍ വിലപിടിപ്പുള്ള വസ്തുക്കളോ ആഭരണങ്ങളോ വീടുകളില്‍ സൂക്ഷിക്കരുത്. വീട് അടഞ്ഞുകിടക്കുന്ന അവസരങ്ങളില്‍ പത്രങ്ങള്‍, പാല്‍ മുതലായവ എടുക്കാതെ വീടിനു പുറത്തുതന്നെ കിടക്കുന്ന സാഹചര്യവും ഒഴിവാക്കണം. അസ്വാഭാവികമായോ സംശയകരമായോ ആരെയെങ്കിലും കാണപ്പെടുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പോലീസ് കണ്‍ട്രോള്‍ റൂമിലോ (100)അറിയിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
















