ചണ്ഡീഗഢ്: ഹരിയാനയില്‍ ജാട്ടുകള്‍ക്ക് ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്താന്‍ മനോഹര്‍ ലാല്‍ ഖട്ടറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം സംവരണത്തിന് അനുമതി നല്‍കി. ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ഈയാഴ്ച തന്നെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജാട്ടുകള്‍ക്കൊപ്പം ജാട്ട് സിഖ്, ബിഷ്‌നോയി, ത്യാഗി, റോര്‍ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാനും തീരുമാനം.
പിന്നോക്ക വിഭാഗം – മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് സംവരണം അനുവദിക്കുക. ഒന്ന്, രണ്ട് വിഭാഗങ്ങളിലായി നേരത്തെ തന്നെ 27 ശതമാനം സംവരണം നിലവിലുണ്ട്. ഇതിനു പുറമെയാണിത്. ജാട്ട് നേതാക്കള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ആരോഗ്യമന്ത്രി ഒ.പി. ധന്‍കറുമായി 19നു നടത്തിയ ചര്‍ച്ചയിലാണ് ബജറ്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ തീരുമാനമായത്.
















