പാനൂര്‍: കൂത്തുപറമ്പില്‍ പി.ഹരീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം. കണ്ണൂര്‍ ജില്ലാകമ്മറ്റി സംസ്ഥാനകമ്മറ്റിക്കു കൈമാറിയ സാധ്യതാ ലിസ്റ്റില്‍ പി.ഹരീന്ദ്രന്റെ പേര് ഉയര്‍ന്നതോടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാസെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനെ തഴഞ്ഞാണ് ജില്ലാകമ്മറ്റി അംഗമായ പി.ഹരീന്ദ്രനെ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടുളളത്. ഇതിനെതിരെ കൂത്തുപറമ്പ് ഏരിയാകമ്മറ്റിയിലെ ഒരുവിഭാഗം നേതാക്കളാണ് കടുത്ത അതൃപ്തിയുമായി രംഗത്തുവന്നിട്ടുളളത്. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന 2011 ലെ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ ഐഎന്‍എല്ലിനു സീറ്റുനല്‍കി ത്യാഗം ചെയ്തപ്പോള്‍ തകര്‍ന്നത് ഒരു സീറ്റുനഷ്ടം മാത്രമല്ല, എം.സുരേന്ദ്രനെന്ന സിപിഎം നേതാവിന്റെ പാര്‍ലമെന്ററിയന്‍ മോഹവുമായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചതെങ്കില്‍ വിജയമുറപ്പാണെന്ന് അന്നേ രാഷ്‌ട്രീയ വിമര്‍ശനമുയര്‍ന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി.മോഹനന്‍ എല്‍ഡിഎഫിലെ എസ്എ പുതിയവളപ്പിനെ 3033 വോട്ടിനാണ് തോല്‍പ്പിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷികള്‍ പിടഞ്ഞു വീണമണ്ണില്‍ സിപിഎം അടിയറവു പറയേണ്ടി വന്നതിനു പിന്നില്‍ എം.സുരേന്ദ്രനെതിരെ നേതൃത്വം നടത്തിയ ഇടപെടാലാണെന്ന യാഥാര്‍ത്ഥ്യം ശരിവെക്കുന്നതാണ് അഞ്ചു വര്‍ഷത്തിനുശേഷവും ഈ നേതാവിനെതിരെ പാര്‍ട്ടിനേതൃത്വം നടത്തുന്ന ഭ്രഷ്ട്. ഇതിനെതിരെ കൂത്തുപറമ്പ് നഗരസഭ, കോട്ടയം, പാട്യം പഞ്ചായത്തുകളിലെ ബ്രാഞ്ചുകമ്മറ്റികളില്‍ നിന്നും വന്‍പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. മുന്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ വീടിനടുത്ത് പാട്യം ഓട്ടച്ചിമാക്കൂല്‍ സ്വദേശിയായ എം.സുരേന്ദ്രന്‍ ദേശാഭിമാനിയുടെ മാനേജര്‍ കൂടിയാണ്. മണ്ഢലം തിരിച്ചു പിടിക്കാന്‍ ഘടകകക്ഷികള്‍ക്കു ഇക്കുറി സീറ്റ് നല്‍കേണ്ടതില്ലെന്ന ഉറച്ച തീരുമാനം പാനൂര്‍, കൂത്തുപറമ്പ് ഏരിയാ കമ്മറ്റികള്‍ കൈകൊള്ളുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് എം.സുരേന്ദ്രന്റെ പേരുപരിഗണനക്കു വന്നെങ്കിലും പി.ഹരീന്ദ്രനെ നിര്‍ത്തിയാല്‍ മാത്രമെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.മോഹനനെ തറപറ്റിക്കാന്‍ കഴിയുകയുളളൂവെന്ന നിഗമനമാണ് പൊതുവില്‍ ഉയര്‍ന്നു വന്നതെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം. സീനിയര്‍ നേതാവായ എം.സുരേന്ദ്രനെ തഴഞ്ഞുകൊണ്ട് പി.ഹരീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജില്ലാകമ്മറ്റിയിലും എതിര്‍പ്പുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ മണ്ഡലത്തില്‍ സജീവമായിരുന്ന എം.സുരേന്ദ്രന്‍ കൂത്തുപറമ്പ് മേഖലയില്‍ അറിയപ്പെടുന്ന നേതാവാണ്. പാനൂര്‍ ഏരിയാകമ്മറ്റിക്കു കീഴില്‍ പാര്‍ട്ടിയോഗങ്ങളിലും വിവാഹ, മരണ വീടുകളിലും സജീവമായിരുന്നു ഇടക്കാലത്ത് എം.സുരേന്ദ്രന്‍. പക്ഷേ തെരഞ്ഞെടുപ്പ് അടുത്തതോടെ സുരേന്ദ്രനെ തഴഞ്ഞ് പൊതുവേദികളിലും മറ്റ് പരിപാടികളിലും പി.ഹരീന്ദ്രന്‍ കടന്നു വരികയായിരുന്നു. ഒരു പതിറ്റാണ്ടായി കൊണ്ടുനടക്കുന്ന സ്ഥാനാര്‍ത്ഥിമോഹം പൂവണിയാതെ എം.സുരേന്ദ്രന്റെ കാത്തിരിപ്പിന് ദൈര്‍ഘ്യം ഇനിയുമേറുകയാണ്. അതോടോപ്പം പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്‌നവും രൂക്ഷമാവുകയാണ്.
















