തലശ്ശേരി: ആര്‍എസ്എസ് നേതാവ് കണ്ണൂര്‍ കതിരൂരിലെ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉപാധികളോടെ ജാമ്യം. ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് വി.വി.അനില്‍ കുമാറാണ് ജാമ്യം അനുവദിച്ചത്. മനോജ് വധക്കേസിലെ 25-ാം പ്രതിയാണ് ജയരാജന്‍. കണ്ണൂര്‍ ജില്ലയില്‍ രണ്ടു മാസത്തേക്കോ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയോ പ്രവേശിക്കാന്‍ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കുകയോ ഭയപ്പെടുത്തുകയോ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കേസുമായി സഹകരിക്കണമെന്നും ജാമ്യം അനുവദിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2016 ഫെബ്രുവരി 12 മുതല്‍ ജയരാജന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മനോജ് വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐക്ക് മുന്നില്‍ ഹാജരാകാന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ അഡ്വ.കെ.വിശ്വന്‍ മുഖേന ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുകയായിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് ജയരാജന്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് റിമാന്റിലായ ജയരാജന്‍ ശാരീരിക അസ്വസ്ഥതകളും ഹൃദയസംബന്ധമായ അസുഖങ്ങളും ചൂണ്ടിക്കാട്ടി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം ശ്രീചിത്രയിലും ചികിത്സ തേടിയിരുന്നു. മാര്‍ച്ച് 11 ന് അവസാനിച്ച ജയരാജന്റെ റിമാന്റ് കാലാവധി ഏപ്രില്‍ 8 വരെ സെഷന്‍സ് കോടതി നീട്ടിയിരുന്നു. ഇതിനിടയിലാണ് അഡ്വ.കെ.വിശ്വന്‍ മുഖേന ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്‍കിയത്. ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















