മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അത്‌ലറ്റികോ മാഡ്രിഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഎസ്‌വി ഐന്തോവനേയും മാഞ്ചസ്റ്റര്‍ സിറ്റി ആദ്യപാദത്തിലെ വിജയത്തിന്റെ കരുത്തില്‍ ഡൈനാമോ കീവിനെയും മറികടന്നാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
മാഡ്രിഡില്‍ നടന്ന രണ്ടാം പാദവും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ഐന്തോവനെതിരായ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മുഴുവന്‍ സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഏഴിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ വിജയം. ഷൂട്ടൗട്ടില്‍ ഇരുടീമുകളും കൂടി 16 കിക്കുകളാണെടുത്തത്.
ഐന്തോവന് വേണ്ടി അവസാന കിക്കെടുത്ത ലൂസിയാനോ നര്‍സിങിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിക്കുകയും അത്‌ലറ്റികോക്ക് വേണ്ടി അവസാന കിക്കെടുത്ത ജുവാന്‍ഫ്രാന്‍ ലക്ഷ്യം കാണുകയും ചെയ്തതോടെയാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത് സ്പാനിഷ് ക്ലബിന് സ്വന്തമായത്. പിഎസ്‌വിയുടെ മാര്‍ക്കോ വാന്‍ ഗിന്‍കെല്‍, ആന്ദ്രെ ഗ്വാര്‍ഡാഡോ, ഡേവി പ്രോപ്പര്‍, ജെഫ്രി ബ്രുമ, ഹെക്ടര്‍ മൊറേനൊ, മാക്‌സിമെ ലെസ്റ്റിനെ, സാന്റിയാഗോ ഏരിയാസ് എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടു.
അത്‌ലറ്റിക്കോയ്‌ക്കുവേണ്ടി അന്റോണിയോ ഗ്രിസ്മാന്‍, ഗാബി, കൊക്കെ, സൗള്‍ നിഗ്വസ്, ഫെര്‍ണാണ്ടോ ടോറസ്, ഫിലിപ്പെ ലൂയിസ് എന്നിവരും കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു.
കളിയില്‍ അത്‌ലറ്റികോക്ക് സമ്പൂര്‍ണ്ണ ആധിപത്യം ലഭിച്ചെങ്കിലും ഗ്രിസ്മാനും നിഗ്വസും കരാസ്‌കോയും പകരക്കാരനായി ഇറങ്ങിയ ഫെര്‍ണാണ്ടോ ടോറസും ഉള്‍പ്പെട്ട താരനിര അവസരങ്ങള്‍ തുലച്ചുകളഞ്ഞതോടെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. 26 ഷോട്ടുകളാണ് അത്‌ലറ്റികോ താരങ്ങള്‍ എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്.
ഇതില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ബാറിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഐന്തോവന്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ പായിക്കുകയും ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതിരിക്കുകയും ചെയ്ത രണ്ടാമത്തെ ടീമാണ് അത്‌ലറ്റികോ മാഡ്രിഡ്. ഇരുടീമുകളും തമ്മിലുള്ള ആദ്യപാദവും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
മറ്റൊരു മത്സരത്തില്‍ ആദ്യപാദത്തില്‍ ഡൈനാമോ കീവിനെതിരെ നേടിയ 3-1ന്റെ വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിക്കൊടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായാണ് ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയും ചെയ്തു. മത്സരത്തിനിടെ വിന്‍സന്റ് കോംപാനിക്കും നിക്കോളാസ് ഓട്ടമെന്‍ഡിക്കും പരിക്കേറ്റത് സിറ്റിക്ക് തിരിച്ചടിയാവുകയും ചെയ്തു. കോംപാനിക്ക് ഒരു മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.
















