ചേര്‍ത്തല: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യാനും അധികാരത്തിന്റെ മറവില്‍ നിയമവാഴ്ചയെ അട്ടിമറിക്കാനുമുള്ള ഏത് ശ്രമവും ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്) സംസ്ഥാന ലീഗല്‍ സെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ അധികാരങ്ങളും ഭരണകൂടങ്ങളും മാറാമെങ്കിലും ഭരണഘടനയും നിയമവാഴ്ചയും അചഞ്ചലമായി നിലനില്‍ക്കണമെന്നും, അതിനെതിരെയുള്ള കടന്നുകയറ്റങ്ങളെ ജനാധിപത്യപരമായി ചെറുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി അദ്ധ്യക്ഷനായി.
ബിഡിജെഎസ് സംസ്ഥാനാധ്യഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നല്‍കി. സംസ്ഥാന ഭാരവാഹികളായ അഡ്വ. പ്രതിഷ്പ്രഭ, അഡ്വ. ശ്രീകുമാര്‍ തട്ടാരത്ത്, അഡ്വ. ശാന്താറാം റോയ്, അഡ്വ. കെ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വിനര്‍ അഡ്വ. പി.എസ്. ജ്യോതിസ് സ്വാഗതവും അഡ്വ. സംഗിതാ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
‘യോഗം പ്രവര്‍ത്തകരെ അപമാനിച്ചതില്‍ ഖേദം പ്രകടിപ്പിക്കണം’
എസ്എന്‍ഡിപി യോഗം യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും പണം പറ്റിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തരത്തില്‍ ഗോകുലം ഗോപാലന്‍ നടത്തിയ പ്രസ്താവന എസ്എന്‍ഡിപി യോഗത്തിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും ഗുരുദേവന്റെ പ്രസ്ഥാനത്തെ അപമാനിക്കുന്നതുമാണെന്ന് എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗം ആരോപിച്ചു. സമുദായ പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തെ പണത്തിന്റെ അളവുകോലില്‍ അളക്കുന്നത് അംഗീകരിക്കാനാവില്ല. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുമ്പോള്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കണം.
ഈ പ്രസ്താവനയില്‍ ഡയറക്ടര്‍ ബോര്‍ഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച് സംഘടനാ പ്രവര്‍ത്തകരോട് ഖേദം പ്രകടിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു. യോഗം കൗണ്‍സിലര്‍മാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















