ന്യൂദല്‍ഹി: വര്‍ഷങ്ങളായി സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അനധികൃത താമസക്കാരായി തുടരുന്നവരെ ഒഴിപ്പിക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്നു. 2015ല്‍ 746 ബംഗ്ലാവുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി നഗരവികസന സഹമന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയെ അറിയിച്ചു. ഇനി 1207 മന്ദിരങ്ങള്‍ കൂടിയാണ് അനധികൃത കയ്യേറ്റക്കാരുടെ കയ്യിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
2013ല്‍ 246 വീടുകളായിരുന്നു കേന്ദ്രനഗരവികസന മന്ത്രാലയം ഒഴിപ്പിച്ചത്. അനധികൃതമായി സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കുന്നവര്‍ക്ക് സാഹചര്യമൊരുക്കിക്കൊണ്ടായിരുന്നു മന്ത്രാലയത്തിന്റെ നടപടി. എന്നാല്‍ പിന്നീട് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അനധികൃത താമസക്കാരെ പുറത്താക്കുന്ന നടപടികള്‍ക്ക് വേഗത കൂട്ടി. 2014ല്‍ 539 പേരെയാണ് പുറത്താക്കിയത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 1531 മന്ദിരങ്ങള്‍ ഒഴിപ്പിച്ചതായും ബാബുല്‍ സുപ്രിയോ അറിയിച്ചു.
ഏറ്റവും വലുപ്പമേറിയ ടൈപ്പ് എട്ട് വിഭാഗത്തിലുള്ള 89 ബംഗ്ലാവുകളാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അനധികൃത താമസക്കാരുടെ പക്കല്‍ ഇനി 1207 വീടുകള്‍ കൂടിയുണ്ട്. ജനറല്‍ പൂള്‍ റസിഡന്‍ഷ്യല്‍ അക്കോമഡേഷന്‍ വഴി നല്‍കിയ വീടുകളിലെ രണ്ടു ശതമാനമാണിത്. കാലാവധി കഴിഞ്ഞശേഷവും വാടക പോലും നല്‍കാതെ താമസിക്കുന്നവരാണിവര്‍. ഇതില്‍ രാജ്യതലസ്ഥാനത്തെ 27 മാധ്യമ പ്രവര്‍ത്തകരുടെ വീടുകളുമുണ്ട്. മുന്‍ ആഭ്യന്തരമന്ത്രി ഭൂട്ടാസിങ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് എന്നിവരാണ് ദല്‍ഹിയില്‍ അനധികൃതമായി ബംഗ്ലാവുകള്‍ കൈവശം വെയ്‌ക്കുന്നവരിലെ പ്രമുഖര്‍.
















