ബെംഗളൂരു: മസ്തിഷ്‌ക മരണം സംഭവിച്ച ബെംഗളൂരു സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ അവയവങ്ങള്‍ എട്ട് അമേരിക്കകാര്‍ക്ക് പുതുജീവനേകി. 24 കാരനായ രാജീവ് നായിഡുവാണ് മരണത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയായാത്. കണ്ണുകള്‍, ഹൃദയം, പാന്‍ക്രിയാസ്, കിഡ്‌നി, അസ്ഥിമജ്ജ, കരള്‍, അന്നനാളം തുടങ്ങി എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്.
ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ എഞ്ചിനീയറിങ്ങിനു പഠിക്കുകയായിരുന്ന രാജീവിനെ ശ്വാസനാളത്തില്‍ അണുബാധമൂലം കഴിഞ്ഞ ഫെബ്രുവരി 21നാണ് ബ്രൂക്ക്‌ലിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
അവയവദാനത്തിനുള്ള തീരുമാനം ഞെട്ടിക്കുന്നതായിരുന്നെന്ന് രാജീവിന്റെ സഹോദരി കൃതിക പുരുഷോത്തം അറിയിച്ചു. മറ്റുള്ളവര്‍ക്ക് ഇത് പ്രചോദനമാകട്ടെയെന്നും അവര്‍ പറഞ്ഞു.
രാജീവിന്റെ മൃതദേഹം ഇന്ന് ബെംഗളൂരുവില്‍ എത്തിക്കും. വെള്ളിയാഴ്ചയാണ് സംസ്‌കാരം. 2014ല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ രാജിവ് ദിലീപ് മെറ്റീരിയല്‍ ഹാന്‍ഡിലിങ് എക്യുപ്‌മെന്റില്‍ ജോലിചെയ്തുവരികയായിരുന്നു. അതിനുശേഷം 2015ല്‍ ന്യൂയോര്‍ക്കിലെത്തി.
















