പാനൂര്‍: ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സിപിഎം കിരാത നടപടിയില്‍ വ്യാപക പ്രതിഷേധം. ഇന്നലെ രാവിലെ 8.30 ഓടെ ചൊക്ലി സിപി.റോഡില്‍ വെച്ചാണ് മാഹി എക്‌സല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ കയറ്റി പോകുകയായിരുന്ന അണിയാരത്തെ ഇളയിടത്ത് താഴെകുനിയില്‍ ബിജുവിനെ സിപിഎം സംഘം ഓട്ടോയില്‍ നിന്നും വലിച്ചിറക്കി വെട്ടിയത്. തലക്കും കഴുത്തിനും കൈകാലുകള്‍ക്കും സാരമായി വെട്ടേറ്റ ബിജുവിനെ ഏറെനേരം കഴിഞ്ഞാണ് നാട്ടുകാര്‍ ചൊക്ലി മെഡിക്കല്‍ സെന്ററിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തലശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ച ബിജുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പൂക്കോം ടൗണില്‍ ബിഎംഎസ് ആഹ്വാനപ്രകാരം ഹര്‍ത്താലാചരിച്ചു. പാനൂര്‍ ടൗണില്‍ ഓട്ടോ, ടാക്‌സി, ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി. ബിജുവിനെതിരെ നടന്ന ഹീനവും പൈശാചികവുമായ അക്രമത്തെ ബിഎംഎസ് ഓട്ടോതൊഴിലാളി യൂണിയന്‍ അപലപിച്ചു. ഓട്ടോതൊഴിലാളികള്‍ നിരന്തരമായി സിപിഎം അക്രമത്തിനു വിധേയരാവുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ മൂന്നാമത്തെ അക്രമമാണ് ബിജുവിനു നേരെ നടന്നിട്ടുള്ളത്. അന്നന്നത്തെ അന്നത്തിനു വേണ്ടി ഓട്ടോഓടിച്ചു ജീവിതം പുലര്‍ത്തുന്ന പാവപ്പെട്ട തൊഴിലാളികളെ അക്രമിക്കുന്ന സിപിഎം ക്രൂരതക്കെതിരെ സിഐടിയു നിലപാട് വ്യക്തമാക്കണം. ഓട്ടോറിക്ഷാ തൊഴിലാളിയെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിയരിഞ്ഞ കാടത്തവും കിരാതവുമായ കൃത്യത്തിനെതിരെ ജനമനസാക്ഷി ഉണരണമെന്നും ബിഎംഎസ് മേഖലാകമ്മറ്റി അഭ്യര്‍ത്ഥിച്ചു. അക്രമികളെ ഉടന്‍ തന്നെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡണ്ട് മനോജ് അക്കാനിശേരി അദ്ധ്യക്ഷത വഹിച്ചു. ഇ.രാജേഷ്, റോജിത്ത്, ചിത്രാംഗദന്‍ എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് പ്രവര്‍ത്തകര്‍ പാനൂര്‍ ടൗണില്‍ പ്രകടനം നടത്തി. ഇ.രാജേഷ്, കെ.പ്രസാദ്, ഇപി.രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: അണിയാരത്തെ ഓട്ടോതൊഴിലാളി ഇടികെ.ബിജുവിനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അക്രമിച്ച സിപിഎമ്മിന്റെ കാടത്ത രാഷ്‌ട്രീയം വീണ്ടും നാടിനെ അശാന്തിയിലാഴ്‌ത്താനാണെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി. കെടി.ജയകൃഷ്‌ണന്‍ മാസ്റ്ററെ കൊന്നതിനു സമാനമായ സംഭവമാണ് ഇന്നലെ കുട്ടികളുടെ മുന്നിലിട്ട് ബിജുവിനു നേരെ നടന്നത്. സിപിഎം ഗൂഡാലോചനയുടെ ഭാഗമായാണ് അക്രമം അരങ്ങേറിയിട്ടുളളത്. അതിനാല്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണമെന്നും സിപിഎം കാട്ടാള രാഷ്‌ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ന്നു വരണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെകെ.ചന്ദ്രന്‍, വിപി.ബാലന്‍, കെകെ.ധനഞ്‌ജയന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ സംസാരിച്ചു.
















