നോയ്ഡ: ദൽഹിയിൽ 15 വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. നോയ്ഡയിലെ ഗൗതം ബുദ്ധ നഗർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
മാരകമായി പൊള്ളലേറ്റ പെൺകുട്ടിയെ ദൽഹി സഫ്ദാർജംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ടു സമീപവാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ യുവാവ് ഉപദ്രവിക്കുകയായിരുന്നു. ഇതിനുശേഷം പെൺകുട്ടിയെ തീ കൊളുത്തിയ യുവാവ് രക്ഷപ്പെട്ടു. ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് 95 ശതമാനത്തോളം പൊള്ളൽ ഏറ്റതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആളെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടിയെ ഇയാൾ പലപ്പോഴായി മാനസിക പീഡനത്തിനു ഇരയാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂവെന്നും പോലീസ് പറഞ്ഞു.
















