മൂവാറ്റുപുഴ: കഴിഞ്ഞ 50 വര്‍ഷമായി കേരള കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ ചെയര്‍മാന്റെയും കുടുംബത്തിന്റെയും ഏകാധിപത്യ തീരുമാനങ്ങളായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജ്. കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷം അഴിമതിയാരോപണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്ക് നേരെ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ബാര്‍കോഴ ആരോപണത്തില്‍ കെഎം.മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വിജിലന്‍സ് കോടതി അഴിമതി നടന്നുവെന്ന വിലയിരുത്തല്‍ നടത്തുകയും ചെയ്തപ്പോള്‍ രാജിവയ്‌ക്കാന്‍ തയ്യാറാവാതെ വളഞ്ഞ വഴിയിലൂടെ ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. രാജിവയ്‌ക്കാന്‍ തയ്യാറാകാതെ സഹപ്രവര്‍ത്തകരെ കൊണ്ട് ‘മാണി സാര്‍ അഴിമതി നടത്തിയില്ലെന്ന’ പ്രചരണത്തില്‍ മുഴുകിക്കുകയാണ് ചെയര്‍മാന്‍ ചെയ്തത്. ഇത് പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തു. കുടുംബവാഴ്ചയും ജനാധിപത്യ വിരുദ്ധ നടപടികളുമാണ് പാര്‍ട്ടിയില്‍. അദ്ദേഹം പറഞ്ഞു. ഇതിനിടെ ജില്ല ജനറല്‍ സെക്രട്ടറി വിന്‍സന്റ് റാഫേല്‍ അടക്കം നൂറോളം പേര്‍ കേരള കോണ്‍ഗ്രസ് വിട്ടു. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേരാനാണ് രാജിവച്ചവരുടെ തീരുമാനം. രാജിവച്ചവര്‍ ഇന്ന് പെരുമ്പാവൂരില്‍ പ്രകടനം നടത്തും.
















