കല്‍പ്പറ്റ : റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് വ്യാജലൈസന്‍സുകള്‍ പിടികൂടി. വിദേശത്ത് ജോലി ചെയ്യുന്ന മുട്ടില്‍ സ്വദേശി പി.കെ. ഇക്ബാലിന്റെ ലൈസന്‍സ് പുതുക്കണമെന്ന് ഭാര്യ നല്‍കിയ അപേക്ഷ പ്രകാരം പരിശോധന നടത്തിയപ്പോള്‍ ഈ നമ്പറിലുള്ള ലൈസന്‍സ് വ്യാജമാണെന്ന് തിരിച്ചറിയുകയും അമ്പലവയല്‍ സ്വദേശി ബാബുക്കൂട്ടിയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു. 12/4978/2009 നമ്പര്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്ന പിണങ്ങോട് സ്വദേശി അജീഷിന്റെ രേഖകളുടെ യഥാര്‍ത്ഥ ഉടമ സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് നാസിമാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിശോധനയില്‍ മൂന്ന് വ്യാജ ലൈസന്‍സുകളാണ് പിടികൂടിയത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആവശ്യക്കാരില്‍ നിന്ന് അമിത തുക ഈടാക്കിയാണ് കൃത്രിമ രേഖകള്‍ ഉണ്ടാക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ പി.എ.സത്യന്‍ അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടത്തുകയും വ്യാജ ലൈസന്‍സുകാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് മൊട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. അജികുമാര്‍ വ്യക്തമാക്കി. മൊട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.പി. യൂസഫ്, അസി. മൊട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
















