ധാക്ക: ബംഗ്ലാദേശില്‍ കടുത്ത ഊര്‍ജ പ്രതിസന്ധി. പ്രതിസന്ധി രൂക്ഷമായതിനാല്‍ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി എട്ട് മണിയോടെ അടയ്‌ക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ബിസിനസ്, കാര്‍ഷികം, വ്യവസായം തുടങ്ങിയ മേഖലകളെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ ബംഗ്ലാദേശ് ഭാരതത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ ഡീസല്‍ വിതരണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് ഊര്‍ജ മന്ത്രി ഇക്ബാല്‍ ഹസന്‍ മഹ്‌മൂദ്, ഭാരത ഹൈക്കമ്മിഷണര്‍ ദിനേശ് ത്രിവേദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
2017ല്‍ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്താണ് ഭാരതം-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്. ബംഗ്ലാദേശിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഈ പൈപ്പ്‌ലൈന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 15 വര്‍ഷത്തെ കരാറിന്റെ ഭാഗമായി, ധാക്കയിലേക്ക് പ്രതിവര്‍ഷം 1,80,000 മെട്രിക് ടണ്‍ ഡീസല്‍ അയയ്‌ക്കാന്‍ ഭാരതം ബാധ്യസ്ഥമാണ്.
എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഭാരതം 30,000 ടണ്ണിലധികം ഡീസല്‍ ബംഗ്ലാദേശിലേക്ക് അയച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഭാരതം അഭയം നല്‍കിയതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോഴും ഇത് തുടര്‍ന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
















