കണ്ണൂര്‍: മികച്ച സംവിധായകനുളള പുരസ്‌ക്കാരം ലഭിച്ചില്ലെങ്കിലും താന്‍ നിര്‍മ്മിച്ച കുട്ടികളുടെ സിനിമയ്‌ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ച സന്തോഷത്തിലാണ് സിനിമയുടെ സംവിധായകനായ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയും അധ്യാപകനുമായ തോമസ് ദേവസ്യ. അദ്ദേഹം സംവിധാനവും രചനയും നിര്‍വ്വഹിച്ച മലയേറ്റം എന്ന സിനിമയ്‌ക്കാണ് കുട്ടികളുടെ സിനിമകളുടെ വിഭാഗത്തില്‍ ഇന്നലെ ഒന്നാം സ്ഥാനം ലഭിച്ചത്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന്റെ ആവശ്യകതയും പരിസ്ഥിതി നശിപ്പിക്കുന്നതിന്റെ ദുരന്തവും തുറന്നു കാട്ടുന്ന സിനിമയാണ് ‘മലയേറ്റം’ . കണ്ണൂര്‍ ജില്ലയിലെ ചാവശ്ശേരി ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകനാണ് തോമസ് ദേവസ്യ. 26 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുളള മലേറ്റം എന്ന സിനിമയുടെ നിര്‍മ്മാതാവ് തോമസ് ദേവസ്യയുടെ പത്‌നി അമ്പിളി തോമസും പി.കെ.ബിജുവും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലും ബാംഗ്ലൂരുവിലും നടന്ന ഫിലിംഫെസ്റ്റിവെലുകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുളള സിനിമയില്‍ 70 ഓളം കുട്ടികള്‍ അഭിനേതാക്കളാണ്. വത്സല മേനോന്‍, എം.ആര്‍.ഗോപ കുമാര്‍,സുര്‍ജിത്ത്, പ്രവീണ്‍ തുടങ്ങിയവരും അഭിനിയച്ചിട്ടുണ്ട്. ആറ് ഷോര്‍ട്ട് ഫിലിമുകളും 7ലധികം ഡോക്യുമെന്ററികളും തോമസ് ദേവസ്യ നിര്‍മ്മിച്ചിട്ടുണ്ട്.
















