കൊച്ചി: ക്ഷേമപെന്‍ഷനുകള്‍ യഥാസമയം വിതരണം ചെയ്യാതെ പോയത് പഞ്ചായത്ത് ഡയറക്ടര്‍ നല്‍കിയ തെറ്റായവിവരങ്ങളെന്ന് തപാല്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരത്തില്‍ വിതരണം ചെയ്യാതിരുന്ന 24.27 കോടി സര്‍ക്കാരിലേയ്‌ക്ക് തിരിച്ചടച്ചതായും സാങ്കേതിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
തപാല്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പഠിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വിശദീകരണം 14ന് സമര്‍പ്പിക്കണം. കമ്മീഷന്‍ സാമൂഹ്യനീതി വകുപ്പില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ക്ഷേപെന്‍ഷനുകളുടെ വിതരണം തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിക്ഷിപ്തമാണെന്നാണ് സാമൂഹ്യനീതി വകുപ്പ് അറിയിച്ചത്. 18 ലക്ഷം ഉപഭോക്താക്കളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് മുഖേന ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം പാളിച്ചകള്‍ ജനങ്ങളില്‍ ആശങ്കയുളവാക്കുമെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലാണ് നടപടി.
















