കണ്ണൂര്‍: ഇളയമകള്‍ക്ക് ദാനമായി നല്‍കിയ സ്വത്തില്‍ മകളുടെ ഭര്‍ത്താവ് ചതിയിലൂടെ അവകാശം സ്ഥാപിക്കുകയും നിലവില്‍ രോഗാവസ്ഥയിലായപ്പോള്‍ ഞങ്ങള്‍ക്ക് സംരക്ഷണമോ സഹായമോ ചെയ്തുതരുന്നില്ലെന്ന് മാത്രമല്ല വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വൃദ്ധദമ്പതികളുടെ പരാതി. പരിയാരം ഏമ്പേറ്റിലെ കാവിലയ്യത്ത് ഹൗസിലെ ബാബുവിനും ഭാര്യക്കുമാണ് ഈ ദുര്‍ഗതി. ഇളയമകളായ ലീനക്ക് 2004 ഏപ്രില്‍ രണ്ടിനാണ് സ്വത്ത് വകകള്‍ ദാനമായി നല്‍കാന്‍ തീരുമാനിച്ചത്. മകള്‍ അന്ന് ഗര്‍ഭിണിയായതിനാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവായ താഴെചൊവ്വയിലെ കെ.രഞ്ചിത്തിനെയാണ് ഇക്കാര്യങ്ങള്‍ ചെയ്യുവാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ താനോ മകളോ അറിയാതെ തന്നെ രഞ്ജിത്ത് സ്വന്തം പേര് ആധാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വത്തിന്‍മേല്‍ ഞങ്ങള്‍ക്കുണ്ടായ ബാധ്യത മകളുടെ പേരിലേക്ക് മാറ്റാനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ഈ വസ്തുത അറിഞ്ഞത്. നിലവില്‍ പ്രായാധിക്യത്തെ തുടര്‍ന്നുള്ള എല്ലാവിധ അസുഖങ്ങളും താനും ഭാര്യയും അനുഭവിക്കുന്നുണ്ട്. ഇളയമകള്‍ ലീനക്ക് ഞങ്ങളെ സംരക്ഷിക്കണമെന്നുണ്ടെങ്കിലും ഭര്‍ത്താവ് രഞ്ജിത്ത് ഇതിന് സമ്മതിക്കുന്നുമില്ല. മകളെ ഉപേക്ഷിക്കുമെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും മാത്രമല്ല പൊലീസിനെ അറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയാണ്. 2015 ജുലൈ 22ന് രഞ്ജിത്തിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും ഭീഷണിപ്പെടുത്തി അതും പിന്‍വലിപ്പിച്ചു. സ്വത്ത് പിതാവിന്റെ പേരില്‍ തിരിച്ചെഴുതിക്കിട്ടുവാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സ്വത്ത് കിട്ടുന്നത് വരെ കലക്‌ട്രേറ്റിന് മുന്നില്‍ മാതാപിതാക്കള്‍ ഉപവാസമിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മകള്‍ ലീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















