കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മൊത്തം 11 സിപിഎമ്മുകാര്‍ റിമാന്റിലായി. കഴിഞ്ഞ ദിവസം നാലു പേരെക്കൂടി അറസ്റ്റു ചെയ്തു. പാപ്പിനിശേരി അരോളി ആസാദ് നഗര്‍ കോളനിയിലെ സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെക്കൂടി കോടതി കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തതോടെയാണ് കേസില്‍ മൊത്തം 11 പ്രതികള്‍ അറസ്റ്റിലായത്. ലിജേഷ് എന്ന ലിഞ്ജു (31), നിഖില്‍ (26), വിഷ്ണുശങ്കര്‍ എന്ന ടുട്ടു (29) വിഷ്ണുദേവ് (18)എന്നിവരെയാണ് റിമാന്റ് ചെയ്തത്. രണ്ടാളെക്കൂടി ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരുന്നു. സംഭവത്തില്‍ 21 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതൃത്വവും നടത്തിയ ഉന്നതതല ഗൂഢാലോചനയും ആസൂത്രണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു കൊണ്ടുതന്നെ കേസില്‍ ഉന്നത സിപിഎം നേതാക്കളുള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതിപപ്പട്ടികയില്‍ ഇടംനേടുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കഴിഞ്ഞ 17 ന് അരോളി സ്വദേശികളായ ശ്രീജയന്‍ (34), ജോയി ജോസഫ് (31), പ്രഭേഷ് ഭാര്‍ഗവന്‍ (31), ടി.ലിബിന്‍ (28), എം.പ്രശാന്ത് (34), കീച്ചേരി സ്വദേശിയായ ടി. വി. ആകാശ് (22) എന്നീ സിപിഎം പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായത്.
















