തളിപ്പറമ്പ: പരിയാരം വിളയാങ്കോട് സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലും തൊട്ടടുത്ത കടയിലും നടന്ന കവര്‍ച്ചാക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ജില്ലാ പോലീസ് മേധാവി പി.ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് സിഐ കെ.വിനോദ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. ഞാറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലാണ് കവര്‍ച്ച നടന്നത്. സ്വിഫ്റ്റ് കാറിലെ ത്തിയ നാലംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കവര്‍ച്ചക്ക് ശേഷം മോഷ്ടാക്കള്‍ തളിപ്പറമ്പ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍നിന്നും പണം പിന്‍വലിച്ചത് കേസില്‍ വഴിത്തിരിവായേക്കും. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
വിളയാങ്കോടെ നിഹാല്‍ ട്രേഡേഴ്സ് ഉടമ നിഥിന് നിവാസില്‍ കെ.വി.തമ്പാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നിരുന്നത്. വീട് കുത്തിത്തുറന്ന മോഷ്ടാക്കള്‍ അകത്ത് കയറി 28 പവനും 54,000 രൂപയും കവര്‍ന്നു. തമ്പാനും ഭാര്യ അനിതയും ചുമടുതാങ്ങി മുത്തപ്പന് ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ സമയത്തായിരുന്നു സംഭവം. കമ്പിപ്പാര ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തതെന്ന് വ്യക്തമായിട്ടുണ്ട്. മൂന്ന് ബെഡ് റൂമുകളിലെയും അലമാരകള്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. പണത്തിനും സ്വര്‍ണ്ണത്തിനും പുറമെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എ.ടി.എമ്മും കവര്‍ന്നു. ഈ കാര്‍ഡ് ഉപയോഗിച്ചാണ് പിന്നീട് തളിപ്പറമ്പില്‍ നിന്നും 5000 രൂപ പിന്‍വലിച്ചത്. രാവിലെ 7.22 നാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്.
രാവിലെ 5.30 ഓടെയാണ് വിളയാങ്കോട് തന്നെ കടന്നപ്പള്ളി സ്വദേശി പി.വി.രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം 6000 രൂപയുടെ സിഗററ്റ് പാക്കറ്റ്, രണ്ട് ഹോര്‍ലിക്സ്, 15 സോപ്പുകള്‍, മൂന്ന് കുപ്പി സോഡ തുടങ്ങിയവ കവര്‍ന്നിരുന്നു. കണ്ണൂരില്‍ നിന്നും എത്തിയ പോലീസ് നായ മോഷ്ടാക്കള്‍ കാര്‍ നിര്‍ത്തിയിരുന്ന സ്ഥലത്തേക്കാണ് ഓടിച്ചെന്നത്. മോഷ്ടാക്കള്‍ വെള്ള സ്വിഫ്റ്റ് കാറില്‍ ശനിയാഴ്ച രാത്രി തന്നെ പ്രദേശത്ത് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: