അപ്പോള്‍ ചന്ദ്രന് പറഞ്ഞു: ധര്‍മ്മിഷ്ഠനായ ബ്രാഹ്മണര്‍ കോപത്തിന് വശഗതരാവുകയില്ല. അവര്‍ മാത്രമേ പൂജാര്ഹരായുള്ളു. ഈ സുന്ദരി സ്വന്തം ഇഷ്ടത്തില്‍ അങ്ങയുടെ ഭവനത്തില്‍ എത്തും. പക്ഷെ അവള് ഇവിടെ നിന്നാല്‍ എന്താണ് കുഴപ്പം? സുഖം തേടിയാണിവളിവിടെ വന്നത്. കുറച്ചു ദിവസം ഇവിടെക്കഴിഞ്ഞിട്ടവള് അങ്ങോട്ട് വരും. ബ്രാഹ്മണര്‍ക്ക് വേദകര്‍മ്മങ്ങള്‍ കൊണ്ടെന്നതുപോലെ മാസംതോറുമുള്ള ആര്‍ത്തവം കൊണ്ട് സ്തീക്ക് ജാരസംസര്ഗ്ഗദോഷം ഇല്ലാതാകുന്നു.
ഇതുകേട്ട് മുനി വിഷണ്ണനായി സ്വഗൃഹത്തില്‍ തിരിച്ചെത്തി. കുറച്ചു നാള് കഴിഞ്ഞു മുനി വീണ്ടും ചന്ദ്രന്റെ ഗൃഹത്തിലെത്തി. ദ്വാരപാലകന് മുനിയെ തടഞ്ഞു. ചന്ദ്രനാണെങ്കില്‍ മുനിയെ സ്വീകരിക്കാന്‍ വന്നതുമില്ല. ‘എന്റെ ശിഷ്യനായിട്ടും ഇങ്ങനെ പെരുമാറുന്ന അതി നീചനായ അവനെ ശിക്ഷിക്കണം’ എന്ന് ചിന്തിച്ച് ‘എടാ കശ്മലാ, എന്തിനാണ് നീ വീട്ടില്‍ ഒളിച്ചു കഴിയുന്നത്? എന്റെ പത്നിയെ തിരികെയിപ്പോള് തന്നിലെങ്കില്‍ ഞാന്‍ നിന്നെ ശപിച്ചു ഭസ്മമാക്കും’ എന്നദ്ദേഹം ആക്രോശിച്ചു.
ഇതുകേട്ട് ശശി വീട്ടിനു വെളിയില്‍ വന്നു. ‘എന്തിനാണ് നീയിങ്ങിനെ പുലമ്പുന്നത്? നിനക്ക് അവള് യോജിച്ചവളല്ല. വെറുമൊരു പിച്ചക്കാരന് വെച്ചുകൊണ്ടിരിക്കേണ്ട പെണ്ണല്ല അവള്. നിന്റെ വൈരൂപ്യത്തിന് ചേര്ന്നോരുവളെ കണ്ടെത്തിയാലും! തങ്ങള്‍ക്ക് ചേര്‍ന്നവരോട് മാത്രമേ സ്തീകള്‍ക്ക് പ്രേമം തോന്നൂ. കാമശാസ്ത്രത്തെപ്പറ്റി നിനക്കെന്തറിയാം? എവിടെയെങ്കിലും പൊയ്ക്കൊള്ളുക. ഈ മോഹനാംഗിയെ തരുന്ന പ്രശ്നമില്ല.
നീ കാമാന്ധനാകയാല് നിന്റെ ശാപമൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ താരയെ തരികയില്ല.’ ഈ പരുഷവചനങ്ങള്‍ കേട്ട് വിഷണ്ണനായി അദ്ദേഹം ഇന്ദ്രന്റെ ഗൃഹത്തിലേക്ക് പോയി. അവിടെ അദ്ദേഹം അര്‍ഘ്യങ്ങള്‍ സ്വീകരിച്ചു. ഇന്ദ്രന് ഗുരുവിനോട് വിവരങ്ങള്‍ ചോദിച്ചു. ‘എന്റെ ഗുരുവിന്റെ ദുഖത്തിന് കാരണമെന്താണ്? എന്റെ ഗുരുവിനു അപമാനം വരുത്തിയത് ആരായാലും ഞാന്‍ വെറുതെ വിടുകയില്ല. എന്റെ സൈന്യവും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുമെല്ലാം അങ്ങേയ്ക്ക് തുണയായുണ്ടാവും. എന്തായാലും പറഞ്ഞാലും.’
‘എന്റെ സുന്ദരിയായ ഭാര്യയെ ചന്ദ്രന് കട്ടുകൊണ്ടുപോയിട്ട് തിരികെ തരുന്നില്ല. എന്താണിനി ചെയ്യേണ്ടതെന്ന് നീ തന്നെ പറയുക’ എന്നായി ബൃഹസ്പതി.
ഇന്ദ്രന് പറഞ്ഞു: ‘വിഷമിക്കണ്ട, ഗുരോ, ഞാന്‍ കൊണ്ടുവരും ഗുരുപത്നിയെ. എന്റെ ദൂതനെ ഞാനാദ്യം ചന്ദ്രനടുത്തേയ്ക്ക് അയക്കും എന്നിട്ടും തന്നില്ലെങ്കില്‍ ദേവസൈന്യവുമായി ഞാന്‍ തന്നെ രംഗത്തിറങ്ങും.
വാഗ്മിയായ ഒരു ദൂതനെ ഇന്ദ്രന് ചന്ദ്രന്റെയടുത്ത് പറഞ്ഞയച്ചു. ‘ഇന്ദ്രന് പറഞ്ഞുവിട്ട ദൂതനാണ് ഞാന്‍. അങ്ങേയ്ക്ക് ധര്‍മ്മവും നീതിയും അറിയാം. അത്രിയാണല്ലോ അങ്ങയുടെ പിതാവ്. നിന്ദ്യമായ പ്രവൃത്തി അങ്ങില്‍ നിന്നുണ്ടായിക്കൂടാ. എല്ലാ മനുഷ്യരും തങ്ങളുടെ ഭാര്യമാരെ അവര്‍ക്കാവും വിധം പോറ്റുന്നു. നീയും അങ്ങനെയാണല്ലോ. നിന്നെപ്പോലെ തന്നെ അപരനെയും കണ്ടാല്‍പ്പിന്നെ ഒരു പ്രശ്നവും ഇല്ല.
നിനക്ക് ദക്ഷപുത്രിമാരായ ഇരുപത്തിയെട്ടു ഭാര്യമാരുണ്ട്. മാത്രമല്ല മേനകാദികളായ അപ്സരസ്സുകളേയും നിനക്ക് അനുഭവിക്കാം. ഈ ഗുരുപത്നിയെ വെറുതെ വിടുക. ദേവന്മാരിങ്ങനെ അഹന്തയില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സാധാരണ മനുഷ്യര്‍ അത് അനുകരിക്കും. ഒരു യുദ്ധം ഒഴിവാക്കുക.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: