അദ്ധ്യാത്മരാമായണത്തില്‍ ആദ്യം സുരസയുടെ പരീക്ഷണമാണ്. എന്നാല്‍ വാല്മീകി രാമായണത്തില്‍ മൈനാകത്തിന്റെ സല്‍ക്കാരമാണ് ആദ്യം. ഹനുമാന് അസാദ്ധ്യമായ ഒരുവലിയ കൃത്യമാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഹനുമാനിത് പൂര്‍ത്തിയാക്കുവാന്‍ കഴിയുമോയെന്ന് ദേവന്മാര്ക്ക് ആശങ്കയുണ്ടായി. അതിനാല്‍ അവര്‍ നാഗമാതാവും സൂര്യനു തുല്യയുമായ സുരസയെ സമീപിച്ചു പറഞ്ഞു.
”ഇതാ വായുപുത്രനായ ഹനുമാന് സമുദ്രത്തിന്റെ മുകളിലൂടെ പറക്കുന്നു. ഞങ്ങള്‍ ഇയാളുടെ ബലവും പരാക്രമവും മനസ്സിലാക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ അയാള്‍ക്കൊരു തടസ്സമുണ്ടാക്കണം. അതിന് പര്‍വതാകാരവും ദംഷ്ട്രങ്ങളും മഞ്ഞനിറമുള്ള കണ്ണുകളുമുള്ള വലിയ രാക്ഷസിയായി ആകാശംപോലെ വലിയ മുഖം സ്വീകരിക്കണം. ഒരുപക്ഷേ ഇയാള്‍ ഉപായംകൊണ്ട് നിങ്ങളെ ജയിക്കും. ഇല്ലെങ്കില്‍ തോല്‍ക്കും.”
അതുകേട്ട് സുരസ ഒരു രാക്ഷസിയുടെ വികൃതവും അസുന്ദരവും ഭയാനകവുമായ രൂപം ധരിച്ച് സമുദ്രമദ്ധ്യത്തില്‍ വച്ച് ഹനുമാനെ തടഞ്ഞു. ”ഹേ വാനരാ, നിന്നെ ഈശ്വരന്മാര് എനിക്കു ഭക്ഷണമായി തന്നിരിക്കുന്നു. ഇപ്പോള്‍ നല്ല വിശപ്പുണ്ട്. നീ എന്റെ വായിലേക്ക് കയറിക്കോ.” ഇതുകേട്ട് ഹനുമാന് പറഞ്ഞു: ”ഹേ ദേവി, ഞാന്‍ അഖിലജഗത്തിനും അധിപതിയായ ഭഗവാന്റെ നിര്‍ദ്ദേശാനുസരണം സീതയെ അന്വേഷിക്കാന്‍ പെട്ടെന്നു പോകുകയാണ്. രാക്ഷസന്മാരുടെ നഗരത്തില്‍ചെന്ന് സീതയെ കണ്ടുപിടിച്ചിട്ട് ഇന്നോ നാളെയോ വരുന്നുണ്ട്. ആ വിവരം രഘുപതിയെ ചെന്നറിയിച്ചിട്ട് നിനക്കു ഞാന്‍ ഭക്ഷണമായിക്കൊള്ളാം. ഞാനൊരിക്കലും അസത്യം പറയില്ല. എനിക്കു വഴിതരൂ.”
”ഇല്ല എനിക്ക് ദാഹവും വിശപ്പും സഹിക്കാന്‍ പറ്റുന്നില്ല. ആര്‍ക്കും എന്നെക്കടന്നുപോകാന്‍ പറ്റില്ല എന്ന് ബ്രഹ്മാവ് വരം തന്നിരിക്കുന്നു. വാ എന്റെ വായിലേക്ക് കയറിക്കോ.”
”നിന്റെ നിശ്ചയം അങ്ങനെയാണെങ്കില്‍ എന്നെ തിന്നാന്‍ സാധിക്കുന്നവിധം വാ പിളര്ന്നോളൂ.” എന്നുപറഞ്ഞ് ഹനുമാന് തന്റെ ശരീരം പത്തുയോജന വലുതാക്കി. സുരസ ഉടനെ വായ് ഇരുപതുയോജന വലുതാക്കി. മാരുതി മുപ്പതുയോജന വലുതായി. ഇങ്ങനെ അമ്പതുയോജന വരെയായി.(വാല്മീകി രാമായണത്തില്‍ നൂറുയോജനവരെ തമ്മില്‍ മത്സരിച്ചു വലുതാക്കുന്നു). ഈ പരീക്ഷ മതി. ഇവര്‍ അത്യന്തം പരിശുദ്ധനാണ് ആരും ജയിക്കുകയില്ല എന്ന് സുരസ ഉള്ളില്‍ നിനച്ചു.
ഉടനെ മാരുതി പെരുവിരലോളം ചെറുതായി. വേഗത്തില്‍ സുരസയുടെ വായിലേക്കു കടന്നിട്ട് പുറത്തേക്കുവന്നു. സുരസയെ തോല്പിച്ചുവെങ്കിലും വിനയവാനായ ഹനുമാന് അവരെ സ്തുതിക്കുന്നു. ”ഹേ ദക്ഷപുത്രിയായ നാഗമാതാവേ നിങ്ങളുടെ വരം സത്യമാക്കിയിരിക്കുന്നു. ഞാന്‍ വിദേഹരാജകുമാരിയെ അന്വേഷിച്ചുപോകട്ടെ. ഹേ ദേവി! ദേവന്മാരുടെ സുഖത്തില്‍ തല്പരേ, ശുഭേ, ശുദ്ധേ, നമസ്തേ. ഞാന്‍ നിന്റെ പാദങ്ങളെ ശരണം പ്രാപിക്കുന്നു.
” സുരസ സ്വന്തംരൂപം പ്രദര്‍ശിപ്പിച്ചുകൊണ്ട് പറഞ്ഞു: ” അല്ലയോ വാനരശ്രേഷ്ഠാ! നിന്റെ ബലമറിയാന്‍ ദേവന്മാര് അയച്ചുവന്നതാണ് ഞാന്‍. കാര്യസാദ്ധ്യത്തിനായി നീ സുഖമായി പോകൂ. രാമനെക്കൊണ്ട് വിദേഹരാജകുമാരിയെ തിരിച്ചുകൊണ്ടുവരുവിക്കൂ.” ദേവന്മാര് കേമം കേമം എന്നു പുകഴ്ത്തുന്നതിനിടയില്‍ ഹനുമാന് വീണ്ടും ആകാശത്തിലേക്കുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: