ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങി. തുടര്‍ച്ചയായ 12-ാം തവണയും ഇന്ത്യ ചാമ്പ്യന്മാരായി. കഴിഞ്ഞ കാലങ്ങളിലൊന്നും ലഭിക്കാതിരുന്നത്ര മെഡലുമായാണ് ഇന്ത്യ ഇത്തവണ ചരിത്രനേട്ടം കുറിച്ചത്. സ്വര്‍ണ്ണനേട്ടത്തില്‍ മാത്രമല്ല മൊത്തം മെഡലുകളുടെ എണ്ണത്തിലും സര്‍വ്വകാല റെക്കോര്‍ഡാണ് ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ സ്വന്തം മണ്ണില്‍ സ്ഥാപിച്ചത്. സ്വര്‍ണ്ണനേട്ടത്തില്‍ ഡബിള്‍ സെഞ്ചുറി തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനടുത്തെത്താന്‍ ഇന്ത്യക്കായി.
188 സ്വര്‍ണ്ണമാണ് ഇത്തവണ സ്വന്തം മണ്ണില്‍ നടന്ന 12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വാരിക്കൂട്ടിയത്. 2010-ല്‍ ധാക്കയില്‍ നടന്ന ഗെയിംസില്‍ നേടിയ 90 എണ്ണത്തേക്കാള്‍ ഇരട്ടിയിലേറെയാണ് ഇത്തവണത്തെ സമ്പാദ്യം. 12 ഗെയിംസുകളില്‍ നിന്നായി 1200 സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്. മൊത്തം മെഡല്‍ നേട്ടം 2028.
188 സ്വര്‍ണ്ണത്തിന് പുറമെ 90 വെള്ളിയും 30 വെങ്കലവും വാരിക്കൂട്ടി ആകെ മെഡല്‍ നേട്ടത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയും കടന്നു. 308 മെഡലുകളാണ് ഇത്തവണത്തെ നേട്ടം. ഇന്ത്യ നേടിയ സ്വര്‍ണ്ണമെഡലുകളുടെ നാലിലൊന്ന് മെഡലുകള്‍ പോലും നേടാന്‍ ഗെയിംസില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങള്‍ക്കെല്ലാം കൂടി കഴിഞ്ഞില്ല. 25 സ്വര്‍ണ്ണവും 63 വെള്ളിയും 98 വെങ്കലവുമടക്കം 186 മെഡലുകള്‍ സ്വന്തമാക്കിയ ശ്രീലങ്കയാണ് ഇന്ത്യക്ക് പിന്നില്‍ രണ്ടാമത്.
2010ലെ കഴിഞ്ഞ ഗെയിംസില്‍ 16 സ്വര്‍ണ്ണം നേടി ശ്രീലങ്ക നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ഗെയിംസിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാന് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 സ്വര്‍ണ്ണവും 37 വെള്ളിയും 57 വെങ്കലവുമടക്കം 106 മെഡലുകള്‍ മാത്രമാണ് അവര്‍ക്ക് ഇത്തവണ സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഏഴ് സ്വര്‍ണ്ണവും 9 വെള്ളിയും 19 വെങ്കലവുമടക്കം 35 മെഡലുകള്‍ നേടിയ അഫ്ഗാനിസ്ഥാനാണ് ഇത്തവണ നാലാമത്.
അഫ്ഗാന് നേടിയ ഏഴില്‍ ആറും തായ്ക്വോണ്ടോയിലായിരുന്നു. കഴിഞ്ഞ ഗെയിംസില്‍ 18 സ്വര്‍ണ്ണം നേടിയ രണ്ടാമതായിരുന്ന ബംഗ്ലാദേശിന് ഇത്തവണ 4 സ്വര്‍ണ്ണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 15 വെള്ളിയും 56 വെങ്കലവുമടക്കം 75 മെഡലുകളാണ് ബംഗ്ലാ പോരാളികളുടെ സമ്പാദ്യം. നേപ്പാള്‍ മൂന്ന് സ്വര്‍ണ്ണവും 23 വെള്ളിയും 34 വെങ്കലവുമടക്കം 60 മെഡലുകള്‍ നേടിയപ്പോള്‍ മാലിദ്വീപിനും ഭൂട്ടാനും സ്വര്ണ്ണപ്പട്ടികയില് ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. മാലിദ്വീപ് രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയപ്പോള്‍ ഭൂട്ടാന് ഒരു വെള്ളിയും 15 വെങ്കലവുമാണ് കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: