ജാംബവാന് പറഞ്ഞതുകേട്ട് ആകാശം മുട്ടെ വളര്‍ന്ന ഹനുമാനെക്കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെട്ടു. ഹനുമാന്റെ അപ്പോഴത്തെ നില വാല്മീകി വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. എഴുത്തച്ഛന് ഇങ്ങനെ പറയുന്നു.
ബ്രഹ്മാണ്ഡം മുഴുവന്‍ വിറയ്ക്കും വണ്ണം വര്‍ദ്ധിച്ച സന്തോഷത്തോടെ അവന് സിംഹനാദം മുഴക്കി വാമനമൂര്‍ത്തിയെപ്പോലെ വളര്‍ന്ന് പര്വതതുല്യനായി. എന്നിട്ടു പറഞ്ഞു- ”ഞാന്‍ സമുദ്രം കടന്ന് ലങ്കയെ ഭസ്മമാക്കി, രാവണനെ കുലത്തോടെ നശിപ്പിച്ച് ദേവിയേയും കൊണ്ടിപ്പോള്‍ തന്നെ വരാം അല്ലെങ്കില്‍ ദശകണ്ഠനെ പിടിച്ചുകെട്ടി ഇടത്തേക്കൈയിലെടുത്ത് മൂന്നു കൊടുമുടികളോടുകൂടിയ ലങ്കയെ വലത്തേക്കൈയിലും വച്ച് രാമന്റെ മുമ്പില്‍ കൊണ്ടുവന്നുവച്ചു കൈതൊഴും. എന്റെ കൈയില്‍ രാമന്റെ മോതിരം ഉള്ളതുകൊണ്ട് ഇതൊക്കെ എനിക്കു നിസ്സാരം.”
അപ്പോള്‍ വിധിസുതനായ ജാംബവാന് പറഞ്ഞു
”ആദ്യം ദേവിയെ കണ്ടുപിടിച്ചിട്ടു വരുക. രാവണനോട് യുദ്ധം ചെയ്യുന്നത് പിന്നീടാകാം. രാഘവന് രാവണനെ കൊല്ലും. യുദ്ധസമയത്ത് നിനക്ക് പരാക്രമം കാണിക്കാന്‍ അവസരം കിട്ടും. ആകാശമാര്‍ഗം പോകുന്ന നിനക്ക് മംഗളം ഭവിക്കട്ടെ. നിന്റെ കൂടെ പിതാവായ മാരുതദേവനും രാമന്റെ അനുഗ്രഹവുമുണ്ടല്ലോ.”
ഹനുമാന് മഹേന്ദ്ര പര്‍വതത്തിനു മുകളില്‍ കയറി നിന്നു. അപ്പോള്‍ ഗരുഡനെപ്പോലെ വിളങ്ങി.
അദ്ധ്യാത്മ രാമായണത്തില്‍ കിഷ്കിന്ധാ കാണ്ഡം ഇവിടെ അവസാനിക്കുന്നു.
എന്നാല്‍ വാല്മീകി രാമായണത്തില്‍ അല്പം വ്യത്യാസമുണ്ട്. കിഷ്കിന്ധാകാണ്ഡം അറുപത്തേഴാം സര്‍ഗം അവസാനിക്കുന്നത് ഇങ്ങനെയാണ്. ആകാശത്തോളം വലുതായ ഹനുമാന് വാനരന്മാരോട് തന്റെ കഴിവുകള്‍ വിസ്തരിക്കുന്നു.
ബുദ്ധിമാനായ അദ്ദേഹത്തിന്റെ ദുഃഖം പുകയില്ലാത്ത തീപോലെ ജ്വലിക്കുകയും സൂര്യനെപ്പോലെ പ്രകാശിക്കുകയും ചെയ്തു. പിന്നെ പറയുന്നു: ”ചാട്ടത്തില്‍ വായുപുത്രനായ എന്നോടു തുല്യനായി ആരുമില്ല. ഞാന്‍ മഹാമേരുവിനെ ആയിരംതവണ പ്രദക്ഷിണം വയ്ക്കാം. സൂര്യനെ അസ്തമിക്കുന്നതിനുമുമ്പ് മറികടക്കാം. തിരിച്ചുവന്ന് ഭൂമി തൊടാതെ വീണ്ടും ആകാശത്തില്‍ എത്തിച്ചേരാം. പതിനായിരം യോജന സഞ്ചരിക്കാന്‍ എന്നിക്കു കഴിയുമെന്നു തോന്നുന്നു.”
പിന്നീട് ഹനുമാന് മഹേന്ദ്രഗിരിയിലേക്കു കയറി. പലതരം പൂക്കള്‍ നിറഞ്ഞതും സിംഹങ്ങളും മദയാനകളും മാനുകളുമെല്ലാമുള്ളതുമായ ആ പര്‍വതത്തില്‍ ഹനുമാന് കയറിയപ്പോള്‍ പര്‍വതം സിംഹത്താല്‍ ആക്രമിക്കപ്പെട്ട ഒരു മദയാനയെപ്പോലെ ഞെരുങ്ങി. മാനുകളും ആനകളും പേടിച്ചു വിരണ്ടു. വൃക്ഷങ്ങള്‍ കിടുകിടെ വിറച്ചു. പക്ഷികള്‍ മേല്‍പ്പോട്ടു പറന്നു. വിദ്യാധരന്മാരും മുനികളും അവിടം വിട്ടോടിപ്പോയി. കൊടുമുടികളില്നിന്നും പാറകള്‍ അടര്‍ന്നു വീണു.
വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവനും ശത്രുവീരന്മാരെ വധിക്കുന്നവനും മനഃശക്തിയുള്ളവനും മഹാനുഭാവനുമായ ആ വാനര വീരന് മനസ്സിനെ ഏകാഗ്രമാക്കിയിട്ട് മനസ്സുകൊണ്ട് ലങ്കയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: