സകലവിധസല്ഗുണങ്ങളും തികഞ്ഞവനല്ലേ ശിവന്? പുത്രിമാരോട് അത്യന്തം വാത്സല്യമുള്ളവനുമാണ് ദക്ഷപ്രജാപതി. അദ്ദേഹം, മകളെ അവഗണിച്ചുകൊണ്ട്, എന്താണ് ശിവനെ ദ്വേഷിക്കാനുണ്ടായ കാരണം? സകലചരാചരങ്ങളുടേയും ഗുരുവായി, ആരിലും വൈരമില്ലാത്തവനായി, ശാന്തസ്വരൂപനായ ശ്രീപരമേശ്വരനെ ആര്‍ക്കാണ് ദ്വേഷിക്കുവാന്‍ തോന്നുക? അച്ഛന് നിരപരാധിയായ ശിവനെ ദ്വേഷിച്ചതിനാലല്ലേ സതീദേവി, ഉപേക്ഷിക്കാന്‍ പ്രയാസമുള്ള ജീവനെ ഉപേക്ഷിച്ചത്?
ദക്ഷന് ശിവനെ ദ്വേഷിക്കാനുണ്ടായ കാരണം കേട്ടാല്‍ക്കൊള്ളാമെന്നു വിദുരന്‍ അപേക്ഷിച്ചു. മൈത്രേയമഹര്‍ഷി മറുപടി പറയുന്നു.
ഒരിക്കല്‍ പ്രജാപതികളെല്ലാംകൂടി ആയിരം സംവത്സരക്കാലം നീണ്ടുനില്‍ക്കുന്ന ഒരു യാഗം ആരംഭിച്ചു. അതില്‍ പങ്കെടുക്കാനായി ദേവന്മാരും ഋഷികളും സിദ്ധന്മാരും സാധ്യന്മാരും ഗന്ധര്വന്മാരും കിന്നരന്മാരും കിംപുരുഷന്മാരും വന്നുചേര്‍ന്നു. അവസാനമായിട്ടാണ് ദക്ഷന് യാഗശാല യിലേക്കുവന്നത്.
സൂര്യനെപ്പോലെ തേജസ്വിയായ അദ്ദേഹത്തെ കണ്ടപ്പോള്‍, ബ്രഹ്മാവും ശിവനും ഒഴികെ, മറ്റെല്ലാവരും എഴുന്നേറ്റ് തൊഴുത് ബഹുമാനിച്ചു. ബ്രഹ്മാവ് ദക്ഷന്റെ അച്ഛനായതുകൊണ്ടും, ശിവന് സര്വ്വേശ്വരനായതുകൊണ്ടും, എഴുന്നേറ്റില്ല. ദക്ഷന് അച്ഛനായ ബ്രഹ്മാവിനെ നമസ്കരിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തനിക്കിരിക്കാനുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. ശിവന് തന്നെ കണ്ടിട്ട് എഴുന്നേറ്റില്ല എന്നു മനസ്സിലായതോടെ ദക്ഷന് വല്ലാതെ കോപിച്ചു.
അദ്ദേഹം ദഹിപ്പിക്കത്തക്കവിധത്തില് ശിവനെ നോക്കിക്കൊണ്ട് സദസ്യരോട് പറഞ്ഞു ഈ സഭാവാസികളായ ബ്രഹ്മര്‍ഷിമാരും ദേവന്മാരും അഗ്നിദേവതകളും ഞാന്‍ പറയുന്നതു കേള്‍ക്കണം. സജ്ജനങ്ങളുടെ ആചാരത്തെപ്പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത്. അത് അജ്ഞാനംകൊണ്ടോ മത്സരം കൊണ്ടോ അല്ല. ഈ ശിവന് ലോകപാലന്മാരുടെ കീര്‍ത്തിയെ നശിപ്പിക്കുന്നവനാണ്. ലജ്ജയില്ലാത്തവനാണ്. സദാചാരത്തെ ദുഷിപ്പിക്കുന്നവനാണ്.
എന്റെ മകളെ വിവാഹം കഴിച്ചതിനാല്‍ ഇയാള്‍ എന്റെ ശിഷ്യനെന്ന നിലയെ പ്രാപിച്ചവനാണ്. എന്നിട്ടും എന്നെ കണ്ടിട്ട് ഒന്നെഴുന്നേല്ക്കുകയോ, ഔപചാരികമായിട്ടെങ്കിലും നമസ്കാരം എന്നൊരു വാക്കുപറഞ്ഞു മര്യാദകാണിക്കാനിറങ്ങുകപോലുമോ ചെയ്യുന്നില്ലല്ലോ. ഇയാള്‍, ഗൃഹസ്ഥന്മാര് അവശ്യം ആചരിക്കേണ്ടതായ യാതൊരു സല്ക്കര്മ്മവും ചെയ്യാത്തവനാണ്. ശുദ്ധിയില്ലാത്തവനാണ്. ഇങ്ങനെ ഒരുവിധത്തിലും അര്‍ഹതയില്ലാത്ത ഇയാള്‍ക്ക് ഞാനെന്റെ മകളെ കൊടുത്തുപോയല്ലോ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: