സൃഷ്ടിയുടെ ആരംഭത്തിനു മുമ്പ് ഈ ലോകവും ഇതിലെ വസ്തുക്കളും അവ്യക്ത ദശയിലായിരുന്നു, വ്യക്തമല്ല. ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നു; വ്യക്തമായ അവസ്ഥയിലാണ് ലോകം നശിച്ചാല്‍ വീണ്ടും അവ്യക്ത ദശയിലാവുന്നു.
ഒരു മരം മുളയ്ക്കുന്നതിനുമുമ്പ്, ഉണ്ടായിരുന്നുവോ? ഉണ്ടെങ്കില്‍ എവിടെ? വൃക്ഷത്തിന്റെ വിത്തായ കായയില്നിന്നു മുളച്ചുപൊങ്ങുന്നതുമാത്രം നമുക്ക് കാണാം. വലുതായി കവരങ്ങളും ചില്ലക്കൊമ്പുകളും നിറഞ്ഞുനില്ക്കുന്നതും കായ്കളുണ്ടാവുന്നതും കാണാന്‍ കഴിയും. ഇതാണ്, ‘വ്യക്തിമധ്യാനി’ എല്ലാ പദാര്‍ത്ഥങ്ങളുടെയും വ്യക്തമായ അവസ്ഥ.
മരം വെയിലത്ത് ഉണങ്ങി, കാറ്റില്‍ കടപുഴകി വീണ്, മഴയത്ത് ചീഞ്ഞ് ഒടുവില്‍ ഭൂമിയില്‍ ലയിച്ച്, കാണാന്‍ കഴിയാതാവുന്നു: അവ്യക്താവസ്ഥയിലാവുന്നു. കായയില്നിന്നാണ് മരം മുളച്ചത് എന്ന് നമുക്കറിയാം. കായ അടിച്ച് പൊളിച്ച് ചതച്ചുനോക്കിയാല് ഭാവിയില്‍ ഉണ്ടാവാനാനിടയുള്ള മരത്തിന്റെ ഒരു സൂചനയും നമുക്ക് കാണാന്‍ കഴിയില്ല. മരം അവ്യക്ത ദശയിലാണ്. ”കഥം അസതഃ സത് ജായേത.”
”ഇല്ലാത്ത വസ്തു പിന്നെ എങ്ങനെയുണ്ടാവാനാണ്” -എന്ന് വേദങ്ങളില്‍ പറയുന്നതിന്റെ താല്‍പ്പര്യം ഇതുതന്നെ.
അതുകൊണ്ട്, ഭീഷ്മാദികളുടെ ദേഹങ്ങള്‍ യുദ്ധാനന്തരം നശിച്ചുപോകുമല്ലോ, കാണാന്‍ കിട്ടുകയില്ലല്ലോ എന്നുപറഞ്ഞുകൊണ്ട് കരയുന്നതെന്തിന്? കാണാതാവുന്നതേയുള്ളൂ, ഇല്ലാതാവുന്നില്ല ആ ദേഹങ്ങള്‍. നശിക്കുക എന്ന വാക്കിന് സംസ്കൃതത്തില്‍ കാണാതാവുക എന്നര്‍ത്ഥ(നശ് അദര്ശനേ)മാണുള്ളത്. ഇല്ലാതാവുക എന്നര്‍ത്ഥമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: