ജാംബവാന്റെ വാക്കുകള്‍ കേട്ട് ഹനുമാന് ആവേശഭരിതനായി. തന്റെ ശക്തിയെക്കുറിച്ച് ഓര്‍മ്മ വന്നു. ആ വാനരവീരന്മാരുടെ സൈന്യത്തെ ആനന്ദിപ്പിച്ചുകൊണ്ട് തന്റെ ആകൃതി ഏറ്റവും വലുതാക്കി.
എല്ലാവരും അവരവരുടെ ശക്തിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഹനുമാനെന്താ മിണ്ടാതിരുന്നത്? ഹനുമാന് കുട്ടിക്കാലത്ത് ഒരു ശാപം കിട്ടിയിരുന്നു. ബാല്യത്തില്‍ മഹാകുസൃതിയായിരുന്നു ഹനുമാന്. പര്‍വതത്തിലും കാടുകളിലും ചുറ്റിക്കറങ്ങി ആനകളേയും സിംഹങ്ങളേയും പിടിച്ച് കൂട്ടിക്കെട്ടിവിടുക തുടങ്ങിയവയാണ് വിനോദം.
അതിനടുത്ത് വനത്തില്‍ തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമമുണ്ടായിരുന്നു. ആ വനത്തില്‍ വിഹരിച്ചു നടന്ന മാരുതി ഒരിക്കല്‍ ഒരാനയേയും ഒരു സിംഹത്തേയും പിടികൂടി. രണ്ടിന്റെയും വാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി. രണ്ടിനേയുംകൂടി പൊക്കിയെടുത്ത് തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമത്തില്‍ കൊണ്ടു കെട്ടിയിട്ടു. ആ സമയത്ത് മഹര്‍ഷിയും ശിഷ്യന്മാരും പുറത്തുപോയിരുന്നു. അവര്‍ വന്നപ്പോള്‍ ആശ്രമമുറ്റത്ത് ആനയും സിംഹവും ബന്ധിക്കപ്പെട്ടു കിടക്കുന്നു. ഹനുമാന്റെ വേലയാണെന്നു മനസ്സിലായി. ഇവറ്റകളെ ആര് അഴിച്ചുവിടും? ശിഷ്യന്മാര് ഭയന്നുമാറി. ഒടുവില്‍ ഹനുമാനെ വരുത്തി അവയെ മോചിപ്പിച്ചു.
ഇവനെയിങ്ങനെ വിട്ടാല്‍ ശരിയാവില്ല. ഒന്നു തളയ്ക്കണം എന്നു മഹര്‍ഷി തീരുമാനിച്ചു. ഹനുമാന് ഒരു ശാപം കൊടുത്തു. ‘നിന്റെ ശക്തിയെന്തന്ന് നീ മറന്നു പോകട്ടെ. അങ്ങനെ ഹനുമാന് സ്വന്തം ശക്തിയെന്തെന്നു മറന്നുപോയി. പക്ഷേ മഹര്‍ഷി ചിന്തിച്ചു. ഇവന് ദേവകാര്യം നിര്‍വഹിക്കാന്‍ ജനിച്ചതാണ്. ഇവനെ അശക്തനാക്കി വിടാനും പറ്റില്ല. നിന്റെ ശക്തിയെപ്പറ്റി ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ മതി. എല്ലാ ശക്തിയും മടങ്ങി വരും’ എന്ന് ശാപമോക്ഷവും കൊടുത്തു. അതുകൊണ്ടാണ് ജാംബവാന് ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രം ഹനുമാന് ഉണര്‍ന്നു തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: