സൂതന്‍ തുടര്‍ന്നു: മഹാവിഷ്ണുവിന്റെ കണ്ണ്, മൂക്ക്, കൈകള്‍, ഹൃദയം, മാറിടം എന്നീക്രമത്തില്‍ നിദ്ര വിട്ടൊഴിഞ്ഞു. ആകാശത്ത് ജഗന്മയിയായ ദേവി നിലകൊണ്ടു. തന്റെ മുന്നില്‍ പേടിച്ചു നില്ക്കുന്ന ബ്രഹ്മാവിനോട് വിഷ്ണു കാര്യം തിരക്കി. ‘എന്തിനാണ് വിധാതാവേ അങ്ങ് ഭയചകിതനായിരിക്കുന്നത്’ എന്ന് ചോദിക്കേ, മധുകൈടഭന്മാര് തന്നെ കൊല്ലാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു എന്ന് ബ്രഹ്മാവുണര്ത്തിച്ചു. ‘എന്നാലവരെ ഞാന്‍ വകവരുത്തുന്നുണ്ടെന്നു’ വിഷ്ണു ബ്രഹ്മദേവന് ഉറപ്പു കൊടുത്തു.
അപ്പോഴേക്കും രാക്ഷസര്‍ അവിടെയെത്തി മദഗര്വ്വത്തോടെ ആ ജലത്തില്‍ നിരാധാരരായി നിലകൊണ്ടു. എന്തിനാണ് ഇയാളുടെ അടുത്തേയ്ക്ക് വന്നത്? ‘ഇവിടെവച്ച് തന്നെ നിന്നെ കൊന്നുകളയാം’ എന്നവര്‍ വീമ്പു പറഞ്ഞു. ‘നിന്നെ കൊന്നുകഴിഞ്ഞ് സര്പ്പമെത്തമേല്ക്കിടക്കുന്ന ഇവനെയും കൊന്നുകളയണം! അല്ലെങ്കില്‍ പോരിനു തയ്യാറാവുക!’ ഇതുകേട്ട് ശ്രീഹരി താന്‍ പോരിനു തയ്യാറാണെന്ന് അവരോടറിയിച്ചു. ‘നിങ്ങളുടെ പോര്‍മദം തീര്‍ക്കാന്‍ ഞാനുണ്ട് ‘എന്നു പറഞ്ഞു വിഷ്ണു തയ്യാറെടുത്തു.
മധു ആദ്യം പോരിനായി വിഷ്ണുവിന്റെ അടുത്തേയ്ക്ക് പാഞ്ഞു. കൈടഭന്‍ അത് കണ്ടുനിന്നു. മല്ലയുദ്ധം കൊടുമ്പിരികൊണ്ടു. മധു ക്ഷീണിതനായപ്പോള്‍ കൈടഭന്‍ കളത്തില്‍ ഇറങ്ങി. രാക്ഷസര്‍ രണ്ടുപേരും മാറി മാറി വിഷ്ണുവിനോടു പോരാടി.
ബ്രഹ്മാവും ദേവിയും വാനില്‍ നിന്ന് ഇക്കാഴ്ച കണ്ടു നിന്നു. വിഷ്ണു ക്ഷീണിതനായിരിക്കുന്നു. ദൈത്യര്‍ക്ക് ക്ഷീണമൊട്ടില്ലതാനും. അയ്യായിരം കൊല്ലം തുടര്‍ച്ചയായി പോരാടിയിട്ടും അസുരന്മാര്ക്ക് മരണമടുക്കുന്നില്ലല്ലോ എന്ന് ശ്രീഹരി ചിന്തിച്ചു. വിഷ്ണുവിന്റെ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര് ‘ദാസോസ്മി’ എന്ന് പറഞ്ഞു കീഴടങ്ങുകയാണ് നല്ലതെന്ന് ഭഗവാനെ വെല്ലുവിളിച്ചു. ‘അല്ലെങ്കില്‍ പോര് തുടരണം. നിന്നെയും നാന്മുഖനെയും കൊല്ലാനാണ് ഞങ്ങളുടെ തീരുമാനം.’
നടുക്കടലില്‍ വെച്ചിങ്ങിനെ വെല്ലുവിളിച്ച രാക്ഷസന്മാരോടു മഹാവിഷ്ണു സാമോക്തിയായി ഇങ്ങിനെ പറഞ്ഞു: ‘സനാതന ധര്‍മ്മത്തില്‍, പേടിച്ചവന്, വീണവന്, വില്ല് താഴെവച്ചവന്, ബാലന്, തളര്ന്നവന്, ഇവരോടൊന്നും യുദ്ധം പാടില്ല. ഞാന്‍ ഒറ്റയ്ക്ക് അയ്യായിരം കൊല്ലം നിങ്ങളോട് മല്ലിട്ടു. നിങ്ങളാണെങ്കില്‍ അതീവ ബലശാലികളായ രണ്ടു മല്ലന്മാര്! മാറിമാറി പോരാടുന്നതിനിടയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ അവസരവും കിട്ടുന്നു.
എനിക്ക് ഏറെക്കാലമായി വിശ്രമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനൊന്ന് വിശ്രമിച്ചു വരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക.’
ഈ വാക്കുകള്‍ കേട്ട് അവര്‍ കുറച്ചു മാറി നിന്നു. അവരെ കൊല്ലാനുള്ള മാര്‍ഗ്ഗം എന്തെന്ന് വിഷ്ണു ചിന്തിച്ചു. ‘ദേവിയുടെ വരലാഭം കിട്ടിയ ഇവര്‍ സ്വേഛാമൃത്യുക്കളാണ്. എന്റെ യുദ്ധപരാക്രമം വൃഥാവിലായി. സത്യമിങ്ങനെയാണെന്നറിഞ്ഞിട്ടും ഇനി ഞാന്‍ എങ്ങനെ യുദ്ധം തുടരാനാണ്? എന്നാല്‍ യുദ്ധം ചെയ്യാതിരുന്നാല്‍ ഇവര്‍ നശിക്കുകയില്ല, അവര്‍ക്ക് വീര്യം കൂടുകയും ചെയ്യും. ആ മഹാശക്തി ഇവര്‍ക്ക് കൊടുത്ത വരം വിചിത്രം തന്നെ.
ദുഖനിമഗ്നരായാലും ആരെങ്കിലും സ്വമൃത്യു ആഗ്രഹിക്കുമോ? ആ മാഹാശക്തിയെ ശരണം പണിയുക മാത്രമേ മാര്‍ഗ്ഗമുള്ളു.’ വാനില്‍ നിലകൊള്ളുന്ന ആ തേജസ്വിനിയായ ദേവിയെ യോഗേശ്വരനായ മഹാവിഷ്ണു കൈകൂപ്പി വാഴ്ത്തി സ്തുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: