പത്തനംതിട്ട: വിവാദങ്ങളൊഴിവാക്കി ശബരിമലയുടെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്ന് നൂറ്റിനാലാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഇപ്പോഴുണ്ടായിട്ടുള്ള കേസുകളും വിവാദങ്ങളും തീര്‍ത്ഥാടകര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാകാനിടയാകുന്നു. ഇത് ചിലരുടെ ബോധപൂര്‍വ്വമായ ഇടപെടലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല ശ്രീ
ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളാണുള്ളത്. ഇതിന്റെ ഭാഗമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഏതെങ്കിലും ഭക്തയോ ഭക്തജന സംഘടനകളോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നും പ്രമേയം ചൂണ്ടിക്കാട്ടി. നൂറ്റിനാലാമത് ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിദ്യാധിരാജ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ വി.കെ.രാജഗോപാലാണ് പ്രമേയം അവതരിപ്പിച്ചത്.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ദര്‍ശനങ്ങളും ജീവിത ശൈലിയും വരും തലമുറയ്ക്ക് പഠിക്കാനും ഗവേഷണം നടത്തുന്നതിനുമായി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയവും ഹിന്ദുമത പരിഷത്ത് പാസ്സാക്കി. കേരളാ, മഹാത്മാഗാന്ധി മലയാളം സര്‍വ്വകലാശാലകളില്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചെയര്‍ ആരംഭിക്കണമെന്നും ഹിന്ദുമത പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: