മഥുര: വൃന്ദാവനത്തിലേ അന്തേവാസികള്‍ക്കായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ജീവതസുരക്ഷാ പദ്ധതിയൊരുക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ സൗകര്യമാണ് പ്രധാനം ചെയ്യുന്നത്. ആയിരം കിടക്കകളുള്ള വലിയ മന്ദിരമാണ് ഇവര്‍ക്കായി നിര്‍മ്മിക്കുന്നത്. 60 കോടി രൂപ ചെലവില്‍ വൃന്ദാവനിലെ മൂന്നര ഏക്കര്‍ സ്ഥലത്താണ് താമസസൗകര്യമൊരുക്കുന്നത്.
കുടുംബങ്ങളിലെ അവഗണനമൂലവും മറ്റും രാജ്യത്തെ വലിയ എണ്ണത്തിലുള്ള വിധവകളാണ് ഇവിടെ എത്തപ്പെടുന്നത്. ദുരിത പൂര്‍ണമായ സാഹചര്യത്തില്‍ അഞ്ച് ഭവനങ്ങളിലായിട്ടാണ് രണ്ടായിരത്തോളം വിധവകള്‍ കഴിഞ്ഞുകൂടുന്നത്.
ഇതില്‍ ആയിരത്തോളം വിധവകളെ സുലഭ് ഇന്റര്‍നാഷണല്‍ സഹായിക്കുന്നുണ്ട്. ഇവര്‍ക്ക് മാസം സ്റ്റൈപെന്റും മെഡിക്കല്‍ സംവിധാനങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. സൗകര്യങ്ങളൊന്നുമില്ലാതെയാണ് സംസ്ഥാനസര്‍ക്കാരിന്റെ വിധവകള്‍ക്കായുള്ള വീടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കാവശ്യമായ സൗകര്യം പ്രദാനം ചെയ്യുവാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വൃന്ദാവനിലെ വിധവകളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞാണ് കേന്ദ്രം അവര്‍ക്കായി പദ്ധതിയൊരുക്കുന്നത്. 2009-10 ല്‍ ദേശീയ വനിതാ കമ്മീഷന് നടത്തിയ പഠനപ്രകാരം 200 ലധികം വിധവകള്‍ താമസിക്കുന്നത് നൂറ് വര്‍ഷം പഴക്കമുള്ള വീടുകളിലാണ്. ഇവിടെ ശൗചാലയമോ, കുടിവെള്ള സൗകര്യമോ ഒന്നും തന്നെയില്ല. ഈയൊരു ദയനീയാവസ്ഥക്കാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലൂടെ പരിഹാരമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: