ന്യൂദല്‍ഹി: ആഗോള പ്രതിസന്ധി ബാധിക്കാത്ത ഏക സാമ്പത്തിക രംഗം ഭാരതത്തിന്റേതു മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയപരിപാടികളുടെ ഫലമായാണ് സാമ്പത്തികരംഗത്തിന് പിടിച്ചു നില്‍ക്കാനായത്. ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയവരെല്ലാം ഇതംഗീകരിച്ചുകഴിഞ്ഞതായും മോദി പറഞ്ഞു. സ്വാമി ദയാനന്ദ സരസ്വതിയുടെ 140-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയപരിപാടികളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഭാരതം മാറിയതായി ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നതായും മോദി പറഞ്ഞു. ദാരിദ്ര്യത്തില്‍ നിന്നും മറ്റു പ്രശ്നങ്ങളില്‍ നിന്നും വിദ്യാഭ്യാസമില്ലായ്മയില്‍ നിന്നുമെല്ലാം മോചനം സാധ്യമാകണമെങ്കില്‍ വികസനം ഉണ്ടാകണം. നൈപുണ്യ വികസനവും മുദ്ര ബാങ്കും വികസനം എന്ന ലക്ഷ്യത്തിനാണ് ആരംഭിച്ചത്.മുദ്രയോജനയുടെ പ്രയോജനം ലഭിക്കുന്ന രണ്ടുകോടിയിലേറെ പേര്‍ക്കാണ്. മുദ്രവഴി ഒരുലക്ഷംകോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയും സംരംഭകരായ യുവാക്കള്‍ക്ക് പ്രയോജനകരമാണ്, മോദി പറഞ്ഞു.
ജനസംഖ്യയുടെ 60 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ്. ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാജ്യമാണ് ഭാരതം. 2030 ഓടെ ലോകരാജ്യങ്ങളില്‍ പലതും ജനതയുടെ പ്രായത്താല്‍ വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍ അവര്‍ക്കെല്ലാം ഭാരതത്തിലെ യുവത്വത്തിന്റെ സഹായം ആവശ്യമായിവരും. സര്‍ട്ടിഫിക്കറ്റിനൊപ്പം നൈപുണ്യവുമുള്ള ജനതയായി ഭാരതത്തിലെ യുവാക്കള്‍ മാറുന്നതിനായാണ് നൈപുണ്യഭാരതം എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്, മോദി പറഞ്ഞു.
1875ല്‍ ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യ സമാജത്തിന് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധമുണ്ടായിരുന്നു. സ്വാമി ദയാനന്ദ സരസ്വതിയുടെ ആശയങ്ങള്‍ ഇന്നും നമുക്ക് പ്രേരണാദായകമാണ്. സാമൂഹ്യ പരിഷ്ക്കരണങ്ങള്‍ക്ക് വേഗം കൂട്ടിയത് ദയാനന്ദ സരസ്വതിയായിരുന്നു. പുതിയ ദിശ, പുതിയ സങ്കല്‍പ്പം എന്ന പേരില്‍ ദയാനന്ദ ആംഗ്ലോ വേദിക് കോളേജ് മാനേജിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഗംഗാശുചീകരണ പദ്ധതിയില്‍ ഡിഎവി കോളേജ് പങ്കാളികളാകണമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: