അപ്സരസ്സുകളില്‍ ശ്രേഷ്ഠനായിരുന്ന പുഞ്ജികസ്ഥല മഹര്ഷിശാപംമൂലം വാനരസ്ത്രീയായി അഞ്ജനയെന്ന പേരില്‍ കേസരിയുടെ ഭാര്യയായിരിക്കുമ്പോള്‍ ഒരുദിവസം മനുഷ്യരൂപമെടുത്ത് ഒരു പര്‍വതമുകളില്‍ ഉലാത്തിക്കൊണ്ടിരുന്നു. അവളുടെ അസാധാരണ സൗന്ദര്യം കണ്ട് കാമവികാരമുണ്ടായ വായുദേവന് ഉടുത്തിരുന്ന പുടവ മാറ്റി അവളെ ശക്തിയായി പുണര്‍ന്നു.
പരിഭ്രമിച്ച അഞ്ജന ആരാണെന്റെ പാതിവ്രത്യം നശിപ്പിക്കുന്നതെന്നു ചോദിച്ചു. വായു പറഞ്ഞു ”ഹേ സുന്ദരീ, ഇതു ഞാനാണ് വായു. നിന്നെ ഞാന്‍ ഹിംസിക്കുന്നില്ല. എങ്കിലും വികാരത്തോടെ ഞാന്‍ നിന്നെ പുണര്‍ന്നതിനാല്‍ നീ വീര്യവും ബലവുമുള്ള ഒരു പുത്രനെ പ്രസവിക്കും. വലിയ മനശ്ശക്തിയും ദേഹശക്തിയുമുള്ള അവന് വേഗതയില്‍ എനിക്ക് തുല്യനായിരിക്കും. അഞ്ജന ഒരു ഗുഹയില്‍വച്ച് ഹനുമാനെ പ്രസവിച്ചു.
കുട്ടിയായിരുന്ന ആഞ്ജനേയന് ഉദയസൂര്യനെക്കണ്ട് പഴമാണെന്ന് കരുതി പിടിക്കാന്‍ ചാടി. മുന്നൂറു യോജന (അഞ്ഞൂറു യോജനയെന്ന് എഴുത്തച്ഛന്) സഞ്ചരിച്ചിട്ടും താപമേറ്റില്ല. അതുകണ്ട് ഇന്ദ്രന് വജ്രായുധം പ്രയോഗിച്ചതും, താടിയെല്ലു മുറിഞ്ഞതും, ഹനുമാനെന്നു പേരും കിട്ടിയതും ജാംബവാന് ഓര്‍മ്മിപ്പിക്കുന്നു. തന്റെ മകനെ വധിച്ചതില്‍ കോപിച്ച് വായു സഞ്ചാരം നിറുത്തിയതും മൂന്നുലോകങ്ങളും നിശ്ചലമായപ്പോള്‍ ബ്രഹ്മാവ് ഹനുമാനെ ആര്‍ക്കും ആയുധംകൊണ്ട് വധിക്കാന്‍ കഴിയില്ലയെന്നു വരം നല്കി.
തുടര്‍ന്ന് ദേവേന്ദ്രന് നല്കിയ വരം ഹനുമാന് ആഗ്രഹിക്കുമ്പോള്‍ മാത്രമേ മരണമുണ്ടാകുയെന്നാണ്. മറ്റു ദേവന്മാര് നല്കിയ വരങ്ങളും ജാംബവാന് ഓര്‍മ്മിപ്പിച്ചു. എന്നിട്ടു പറഞ്ഞു: ” ഹേ പരാക്രമശാലി, അങ്ങ് മനസ്സിനെയും ശരീരത്തെയും വലുതാക്കൂ. അങ്ങ് വാനരരന്മാരില് ഉത്തമനാണ്. ഇവരെല്ലാം അങ്ങയുടെ വിര്യം കാണാന്‍ ആഗ്രഹിക്കുന്നു. നിന്റെ കൈയിലാണ് രഘുരാമന് മോതിരം ഏല്‍പ്പിച്ചത്. എഴുന്നേല്ക്കൂ. ഇപ്പോള്‍ അങ്ങുമാത്രമാണ് ഞങ്ങളുടെ ബലം. പരാക്രമം കാണിക്കൂ. സമുദ്രം കടക്കാന്‍ തയ്യാറാകൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: