സൃഷ്ടിശക്തി ബ്രഹ്മാവില്‍, സ്ഥിതി വിഷ്ണുവില്, സംഹാരം രുദ്രനില്‍, പ്രകാശശക്തി സൂര്യനില്‍, ഭൂമിയെ താങ്ങാനുള്ള ശക്തി ശേഷനില്‍, എരിക്കാനുള്ള ശക്തി അഗ്നിയില്‍, ചാലകശക്തി വായുവില്‍ എന്നൊക്കെ സുവിദിതങ്ങളാണെങ്കിലും ഇവയെല്ലാം ആദിശക്തിയുടെ രൂപാന്തരങ്ങള്‍ മാത്രമാണ്. സ്ഥാവരജംഗമവസ്തുക്കളില് എല്ലാറ്റിലും ശക്തി വര്‍ത്തിക്കുന്നു.
കുണ്ഡലിനി ശക്തിയില്ലാത്ത ശിവന് വെറും പിണം മാത്രം. ബ്രഹ്മാദിസ്തംഭപര്യന്തം ശക്തിയുടെ പ്രഭാവം ദൃശ്യമാണ്. ശക്തിഹീനമായ ജഡവസ്തു ഒന്നിനും കൊള്ളാത്തതാണ്. എല്ലായിടത്തും നിറഞ്ഞുവിളങ്ങുന്ന ആ ശക്തിയെയാണ് വിദ്വാന്മാര് ബ്രഹ്മം എന്ന് പേരിട്ട് ഉപാസിക്കുന്നത്.
വിഷ്ണുവില് സാത്വികശക്തി, ബ്രഹ്മാവില്‍ രാജസശക്തി, രുദ്രനില്‍ താമസശക്തി എന്നിവയുള്ളതുകൊണ്ടാണ് ത്രിമൂര്‍ത്തികള്‍ കര്മ്മോന്മുഖരാവുന്നത്.
ശക്തിയാണ് ബ്രഹ്മാണ്ഡങ്ങളെ ഉണ്ടാക്കുന്നതും ഉടയ്ക്കുന്നതും. ശക്തിയുടെ പ്രാഭവമില്ലെങ്കില്‍ ദേവതകളൊന്നും താന്താങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ പര്യാപ്തരാവുകയില്ല. കാര്യവും കാരണവുമായി പ്രത്യക്ഷരൂപത്തില്‍ ശക്തിയാണ് എല്ലാം നടത്തുന്നത്. സഗുണനിര്‍ഗ്ഗുണ സ്വരൂപങ്ങള്‍ അവള്‍ക്കുണ്ട്. രാഗികള്‍ക്ക് സഗുണവും വിരാഗികള്‍ക്ക് നിര്ഗ്ഗുണവുമാണ് അനുയോജ്യമായ സാധനാമാര്‍ഗ്ഗങ്ങള്‍ എന്നാണ് വിദ്വാന്മാര് പറയുന്നത്.
സാധകര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ നല്കാന് സദാ സന്നദ്ധയാണ് ദേവി. മൂഢര്‍ക്ക് ശക്തിസ്വരൂപിണിയെ അറിയാന്‍ തടസമുണ്ടാകുന്നത് മായയാലാണ്. എന്നാല്‍ ആ ശക്തിയെ അറിഞ്ഞവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. കലിബാധയാല്‍ ഉദരപൂരണത്തിനായി ചില പണ്ഡിതന്മാര് ഇങ്ങിനെയായിത്തീരുന്നു. കലിയുഗത്തില്‍ വേദബാഹ്യമായ ധര്‍മ്മങ്ങളും മറ്റും ഉണ്ടാവും മറ്റു യുഗങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: