കൊല്ലം: രാഷ്ട്രസേവനത്തിന്റെ ഉജ്വലമായ അധ്യായം രചിച്ച് അച്ഛന് യാത്രയായത് അവള് അറിഞ്ഞിട്ടില്ല. വളര്‍ച്ചയുടെ പടവുകളില്‍ ആ അറിവ് അവള്‍ക്ക് അഭിമാനമാകട്ടെയെന്നാണ് ഇപ്പോള്‍ ബന്ധുക്കളടക്കം ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥന.
മൂന്നര മാസം മാത്രമാണ് മീനാക്ഷിയുടെ പ്രായം. അച്ഛന് മരിച്ചതറിയാതെ കൊലുസിന്റെ ശബ്ദമുയര്‍ത്തി അമ്മയ്ക്കും വീട്ടിലെത്തിയ ബന്ധുക്കള്‍ക്കും കളിചിരി സമ്മാനിക്കുകയാണവള്. ഇടയ്ക്ക് എല്ലാവരുടെയും മുഖത്ത് ശോകം തളം കെട്ടിയത് കാണുമ്പോള്‍ അവളുടെ മുഖവും മ്ലാനമാകും.
സിയാച്ചിനിലെ മഞ്ഞുപാളികളില്‍ വീരമൃത്യു വരിച്ച സുധീഷ് നാളെ ചേതനയറ്റ ശരീരമായി കളിച്ചുവളര്‍ന്ന വീട്ടിലെത്തും. സിയാച്ചിന്‍ മലനിരകളില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ വീരമൃത്യുവരിച്ച സുധീഷിന്റെ വിയോഗമറിഞ്ഞ് കുണ്ടറ മണ്‍ട്രോത്തുരുത്തിലെ കൊച്ചുമുളച്ചന്തറയില്‍ വീട് ശോകമൂകമാണ്. നാട്ടുകാര്‍ക്കെല്ലാം അഭിമാനമായ ആ സൈനികനെ ഒരു നോക്ക് കാണുവാന്‍ നാടാകെ കണ്ണീരോടെ കാത്തിരിക്കുകയാണ്.
പതിമൂന്നു വര്‍ഷം മുമ്പാണ് സുധീഷ് ഇന്ത്യന്‍ സേനയില്‍ ചേര്‍ന്നത്. രണ്ടര വര്‍ഷം മുമ്പായിരുന്നു വിവാഹം. എസ്.എന്‍ കോളേജിലെ മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി സാലുവാണ് ഭാര്യ. ഏഴുമാസം മുമ്പ് അവധിക്കെത്തി മടങ്ങിയ സുധീഷ് മാര്‍ച്ചില്‍ വീണ്ടും നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. മീനാക്ഷിക്ക് പമ്പരവുമായി താന്‍ ഉടനെത്തുമെന്ന് ഏറ്റവുമൊടുവില്‍ വിളിച്ചപ്പോഴും സുധീഷ് പറഞ്ഞിരുന്നു.
നാലുദിവസം മുമ്പ് സുധീഷിനെ ജീവനോടെ കണ്ടെത്തിയെന്ന് നാട്ടില്‍ അഭ്യൂഹം പരന്നിരുന്നു. ഇതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതി നാട്ടില്‍ സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും പോസ്റ്ററുകളും നാട്ടുകാര്‍ എടുത്തുമാറ്റി. എന്നാല്‍ മരണം കഴിഞ്ഞദിവസം സ്ഥിരീകരിക്കപ്പെട്ടു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സുധീഷിന്റെ മൃതദേഹം ഇത്രയുംനാള്‍ സിയാച്ചിനിലെ ബേസ് ക്യാമ്പിലായിരുന്നു. ഹെലികോപ്ടറിന് ലാന്‍ഡ് ചെയ്യാനാകാത്ത വിധം ഇവിടെ അന്തരീക്ഷത്തില്‍ മഞ്ഞ് മൂടിയിരിക്കുന്നതിനാലാണ് മൃതദേഹം എത്തിക്കാന്‍ വൈകിയത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ മൃതദേഹം ജമ്മുകാശ്മീരിലും ഡല്‍ഹിയിലും എത്തിച്ചശേഷമാണ് നാട്ടിലേക്കെത്തിക്കുന്നത്.
മൂന്ന് മക്കളില്‍ രണ്ട് ആണ്മക്കളും പാട്ടാളക്കാരാണെന്ന് അഭിമാനത്തോടെ പറഞ്ഞയാളാണ് സുധീഷിന്റെ പിതാവ് ബ്രഹ്മപുത്രന്. കൂലിപ്പണിക്കാരനായ അദ്ദേഹം സാമ്പത്തികപ്രയാസങ്ങള്‍ക്കിടയിലും വളരെ കഷ്ടപ്പെട്ടാണ് മൂന്ന് മക്കളെയും പഠിപ്പിച്ചത്. മകന്റെ മരണവാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തളര്‍ത്തിയിരിക്കുകയാണ്. സുധീഷിന്റെ സഹോദരനും സൈനികനുമായ സുരേഷ് നാട്ടിലെത്തിയിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ സുരേഖ സഹോദരിയാണ്. പോലീസ് ഉദ്യോഗസ്ഥനായ ജയപാലന് സഹോദരിഭര്‍ത്താവാണ്. ജയപാലനും സുരേഷുമാണ് സുധീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകള്‍. സംസ്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്കാന് ഊട്ടിയില്‍ നിന്ന് രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഇവിടെത്തിയിട്ടുണ്ട്. വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം സുധീഷ് പഠിച്ചിരുന്ന മണ്‍ട്രോതുരുത്ത് ഗവ.എല്‍പിഎസില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
സിയാച്ചിനില്‍ സുധീഷ് ഉള്‍പ്പടെ പത്തുപേരടങ്ങിയ ജൂനിയര്‍ കമ്മീഷണര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തങ്ങിയിരുന്ന സോനം സൈനിക പോസ്റ്റിന് മുകളില്‍ ഫെബ്രുവരി രണ്ടിന് 25 അടിയോളം ഉയരത്തില്‍ മഞ്ഞുപാളികള്‍ വീഴുകയായിരുന്നു. ഹിമപാതം നീണ്ടുനിന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി. സേന നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിവരങ്ങളൊന്നും ലഭിക്കാതായതോടെ സംഘത്തിലുണ്ടായിരുന്ന മുഴുവന്‍പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു. പിന്നീട് മൃതദേഹം കണ്ടെടുക്കാന്‍ റഷ്യന്‍ റഡാറിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സംഘത്തിലുണ്ടായിരുന്ന കര്‍ണാടക സ്വദേശിയായ ലാന്‍സ്നായിക് ഹനുമന്തപ്പയെ മാത്രം ആറാംദിനത്തില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു.
സുധീഷ് ഉള്‍പ്പെടുന്ന സൈനികസംഘം തമ്പടിച്ചിരുന്ന സൈനികപോസ്റ്റിന്റെ സമീപത്താണ് പാകിസ്ഥാനുമായുള്ള നിയന്ത്രണരേഖ. 1987 മുതല്‍ നിരന്തരം ഇന്ത്യ പാക് സൈന്യങ്ങള്‍ നിരന്തരം ഏറ്റുമുട്ടുന്ന സിയാച്ചിനില്‍ 900 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എണ്ണായിരത്തോളം സൈനികരാണ് ഹിമപാതത്തില്‍പ്പെട്ട് ഇതുവരെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: