എരുമേലി: വേനല്‍ ശക്തി പ്രാപിച്ചിട്ടും എരുമേലിയിലെ മലിനമായ പ്രധാനപ്പെട്ട ജലസ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ നടപടിയായില്ല. വലിയതോടും, ചെറിയതോടും മേഖലയിലെ വളരെ പ്രധാന ജലസ്രോതസായിട്ടും അവ ശുചീകരിക്കാന്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിനു ശേഷം സന്നദ്ധ സംഘടനകളും, സര്‍ക്കാരും ചേര്‍ന്ന് എരുമേലിയെ ശുചീകരിച്ചുവെങ്കിലും ജലസ്രോതസുകളുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയില്‍ നിന്നും ഒഴുകിയെത്തുന്ന ചെറിയതോടും, കരിങ്കല്ലുമൂഴി മേഖലയില്‍ നിന്നും വരുന്ന വലിയ തോടും വലിയ മാലിന്യവാഹിനിയായി കിടക്കുകയാണ്.
വേനലിലെ കനത്ത ചൂടില്‍ നീരൊഴുക്ക് നിലച്ചതോടെ മാലിന്യം ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം ഉണ്ടാകുകയും ജലം കൂടുതല്‍ മലിനമാകുകയുമാണ്. ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന വലിയതോട് നവീകരിക്കാന്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത എംഎല്‍എയും, പഞ്ചായത്ത് ഭരണകൂടവും സര്‍ക്കാരും ജലസ്രോതസുകള്‍ ശുചീകരിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരക്കുന്നതെന്നും ആക്ഷേപമുണ്ട്.
എരുമേലി ശുചീകരണത്തിന്റെ പേരില്‍ പ്രഹസനമാക്കിയ പദ്ധതികള്‍ പണച്ചിലവിനുമാത്രമായി ചുരുങ്ങിയെന്നും തോടുകളുടെ നവീകരണ കാര്യത്തില്‍ യാതൊരുവിധ പദ്ധതികളും ഉണ്ടാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
വരള്‍ച്ച വര്‍ദ്ധിച്ചാല്‍ കുടിവെള്ളകാര്യത്തില്‍ ജനങ്ങള്‍ക്ക് നെട്ടോട്ടമോടേണ്ടിവരുമെന്നും അധികൃതര്‍ തന്നെ പറയുന്നു.അടിയന്തിരമായി ജലസ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















